ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ രോഹിത് ശര്‍മ്മയെ ലക്ഷ്യം വച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അത് ശരിയായ കാര്യമാവില്ലെന്ന് രവിചന്ദ്രന്‍ അശ്വിന്‍. ലേലത്തില്‍ വരാന്‍ തീരുമാനിച്ചാല്‍ രോഹിത്തിനെ ആര്‍സിബി തേടിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
രോഹിതിന്റെ പേരിലേക്ക് പോകാനുള്ള ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ ചിന്ത യഥാര്‍ത്ഥമായ ഒന്നാണെന്ന് തോന്നുന്നില്ലെന്ന് അശ്വിന്‍ കരുതുന്നു. ശര്‍മ്മ ആര്‍സിബിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട ആരാധകനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അശ്വിന്റെ അഭിപ്രായത്തില്‍, ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റര്‍ക്കായി ആര്‍സിബി ഒരു 20 കോടി രൂപ മാറ്റിവയ്‌ക്കേണ്ടിയതായി വരും. 2011 മുതല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന രോഹിത് ശര്‍മ്മ ഫ്രാഞ്ചൈസിയെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ചു. എന്നിരുന്നാലും, ഐപിഎല്‍ 2024 ന് മുമ്പ് അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചു.
ഹാര്‍ദ്ദിക് തലപ്പത്തേക്ക് വന്ന ടൂര്‍ണമെന്റില്‍ 14 മത്സരങ്ങളില്‍ നിന്ന് നാല് ജയം മാത്രാണ് മുംബൈയ്ക്ക് നേടാനായത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി 29.69 ശരാശരിയില്‍ 5731 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 36 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 131.05 സ്ട്രൈക്ക് റേറ്റിലാണ് അദ്ദേഹത്തിന്റെ പ്രകടനം.