IPL 2025: കാശു പണം തുട്ട് മണി മണി ..., പ്രത്യേകിച്ച് ഒരു അദ്ധ്വാനവും ഇല്ലാതെ കോടികൾ വാങ്ങുന്ന രോഹിത്; മോശം സമയത്തും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് അതിനിർണായക ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 36 റൺ എടുത്ത വിൽ ജാക്സ് ആണ് മുംബൈയുടെ ടോപ് സ്‌കോറർ ആയി. താരത്തെ കൂടാതെ കീപ്പർ റിയാൻ റിക്കിൾടൺ 23 പന്തിൽ 31 റൺ എടുത്ത് മികച്ച സംഭാവന നൽകിയപ്പോൾ മുൻ നായകൻ രോഹിത്തിന്റെ കാര്യത്തിൽ ആരാധകർ നിരാശരാണ്. ഈ സീസൺ ലീഗിലെ മോശം ഫോം തുടരുന്ന രോഹിത് 26 റൺ നേടിയെങ്കിലും അത് വലിയ സ്കോർ ആക്കാൻ അദ്ദേഹത്തിന് ഇന്നും ആയില്ല.

പവർ പ്ലേയിലെ ആദ്യ രണ്ടോവറിൽ ഏഴ് റൺസ് മാത്രമെടുത്ത മുംബൈ ഓപ്പണർമാർ മുഹമ്മദ് ഷമിയുടെ മൂന്നാം ഓവറിലാണ് ഗിയർ മാറ്റിയത്. ഷമിയുടെ ഓവറിൽ രണ്ട് സിക്സുകൾ പറത്തിയ രോഹിത് വെടിക്കെട്ടിന് തിരികൊളുത്തി. ആ ഓവറിൽ 17 റൺസ് പിറന്നതിന് തൊട്ടൂപിന്നാലെ എത്തിയ കമ്മിൻസിനെതിരെയും സിക്സ് അടിച്ച രോഹിത്തിനെ ഒടുവിൽ നായകൻ തന്നെ അതെ ഓവറിൽ മടക്കുക ആയിരുന്നു.

എന്തായാലും ഇന്നിങ്സിനിടെ, ഐപിഎൽ ചരിത്രത്തിൽ ഒരു വേദിയിൽ 100 ​​സിക്സറുകൾ നേടുന്ന നാലാമത്തെ കളിക്കാരനായി രോഹിത് മാറി. വാങ്കഡെ സ്റ്റേഡിയത്തിൽ രോഹിത് ശർമ്മ ഇപ്പോൾ 102 സിക്സറുകൾ നേടിയിട്ടുണ്ട്. വിരാട് കോഹ്‌ലി (130), ക്രിസ് ഗെയ്ൽ (127), എബി ഡിവില്ലിയേഴ്‌സ് (118) എന്നിവർ മാത്രമാണ് രോഹിത്തിന് മുന്നിൽ ഉള്ളത്. മൂവരും നേട്ടം സ്വന്തമാക്കിയത് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്.

അതേസമയം 0, 8, 13, 17 , 18 , 27 എന്നിങ്ങനെ സ്‌കോറുകൾ നേടി സീസണിലെ ഓരോ മത്സരത്തിലും അദ്ദേഹം കാണിക്കുന്നത് പുരോഗതി ആണെന്ന് പറഞ്ഞ് ആരാധകർ ട്രോളുകളുമായി എത്തുന്നുണ്ട്.

Read more