ഐപിഎല്‍ 2025 ലെ തങ്ങളുടെ പുതിയ ബോളിംഗ് കോച്ചായി ഇന്ത്യന്‍ മുന്‍ താരം മുനാഫ് പട്ടേലിനെ ഡല്‍ഹി ക്യാപിറ്റല്‍സ് തിരഞ്ഞെടുത്തു. കഴിഞ്ഞ മാസം, ഹേമാംഗ് ബദാനി, വേണുഗോപാല്‍ റാവു എന്നിവരെ യഥാക്രമം മുഖ്യ പരിശീലകനായും ക്രിക്കറ്റ് ഡയറക്ടറായും ഡല്‍ഹി നിയമിച്ചിരുന്നു.
41 കാരനായ മുനാഫ് പട്ടേല്‍ 2018 ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അതിനുശേഷം ലെജന്‍ഡ്സ് ലീഗുകളിലും മറ്റും അദ്ദേഹം പങ്കെടുത്തു. പരിശീലകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രൊഫഷണല്‍ ജോലിയാണിത്. ഡല്‍ഹി അവരുടെ കന്നി ഐപിഎല്‍ കിരീടത്തിനായി കാത്തിരിക്കുന്നതിനാല്‍ അദ്ദേഹത്തിന് കഠിനമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
മുനാഫ് പട്ടേല്‍ മുംബൈ ഇന്ത്യന്‍സില്‍ ആയിരുന്നപ്പോള്‍ അവര്‍ക്കൊപ്പം അദ്ദേഹം ട്രോഫി നേടിയിട്ടുണ്ട്. കൂടാതെ 2011 ലോകകപ്പ് ജേതാവ് രാജസ്ഥാന്‍ റോയല്‍സിനേയും ഗുജറാത്ത് ലയണ്‍സിനേയും പ്രതിനിധീകരിച്ചു. ഐപിഎല്ലില്‍ മൊത്തത്തില്‍ 63 മത്സരങ്ങള്‍ കളിച്ച മുനാഫ് 7.51 ഇക്കോണമിയില്‍ 74 വിക്കറ്റ് വീഴ്ത്തി.
അതേസമയം കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍ എന്നിവരെ ഡല്‍ഹി അടുത്ത സീസണിലേക്ക് നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് അവര്‍ക്ക് അവരുടെ ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ വിട്ടയക്കേണ്ടി വന്നു. അവര്‍ക്ക് ലേലത്തില്‍ ഉപയോഗിക്കാന്‍ രണ്ട് റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡുകള്‍ ലഭ്യമാണ്. ഫ്രാഞ്ചൈസി അത് പന്തിനായി ഉപയോഗിച്ചാല്‍ അതിശയിക്കാനില്ല.
ലേലത്തില്‍ ചെലവഴിക്കാന്‍ ലഭ്യമായ 73 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പേഴ്സ് അവരുടെ പക്കലുണ്ട്. കഴിഞ്ഞ മൂന്ന് എഡിഷനുകളിലും ഫ്രാഞ്ചൈസി പ്ലേഓഫില്‍ ഇടം നേടുന്നതില്‍ പരാജയപ്പെട്ടു. 2025 ല്‍ അത് മാറ്റുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.