അഭിഷേക് ശർമ്മയുടെ കരിയർ രൂപപ്പെടുത്തുന്നതിൽ യുവരാജ് സിംഗ് നിർണായക പങ്ക് വഹിച്ചു എന്നത് ഏക്കർക്കും അറിവുള്ള കാര്യമാണ്. 2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തിയ താരം അവിടെ 484 റൺ നേടിയിരുന്നു, അതും 200 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ. ഈ വിനാശകരമായ പ്രകടനം അഭിഷേകിന്റെ ഇന്ത്യൻ ടി20 അരങ്ങേറ്റത്തിന് വഴിയൊരുക്കി. ഇന്ത്യക്കായി ഇതുവരെ 17 മത്സരങ്ങൾ കളിച്ച അദ്ദേഹം രണ്ട് സെഞ്ച്വറികളും അത്രയും തന്നെ അർദ്ധസെഞ്ച്വറികളും നേടി. 2025 ലെ ഐപിഎല്ലിൽ തുടർച്ചയായ മോശം സ്കോറുകൾക്ക് ശേഷം, അഭിഷേക് ഫോമിലേക്ക് തിരിച്ചെത്തിയിയിരിക്കുകയാണ്. അവിടെ താരം പിബികെഎസിനെതിരെ 55 പന്തിൽ നിന്ന് 141 റൺസ് നേടി.
ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ തന്റെ ഉയർച്ചയിൽ യുവരാജ് സിങ്ങിന്റെ പങ്കിനെക്കുറിച്ച് പരാമർശിക്കുന്നതിൽ യുവതാരം ഒരിക്കലും മടിച്ചിട്ടില്ല. തന്റെ ശിഷ്യന്മാരിൽ ഏറ്റവും മിടുക്കനാണ് അഭിഷേക് എന്ന് പലതവണ യുവരാജ് പറഞ്ഞിട്ടും ഉണ്ട്. യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിംഗ് അടുത്തിടെ ഒരു അഭിമുഖത്തിൽ, യുവരാജ് അഭിഷേകിനെ എങ്ങനെ കണ്ടെത്തി എന്നും കരിയറിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും എല്ലാം സംസാരിക്കുകയും ചെയ്‌തു.
തുടക്കത്തിൽ അഭിഷേകിന്റെ തകർപ്പൻ റെക്കോഡുകൾ കണ്ട് അവനെ ശ്രദ്ധിക്കാൻ തുടങ്ങിയ യുവരാജ്, താരത്തിന് ഭാവി ഇന്ത്യൻ ടീമിന്റെ കരുത്താകാൻ പറ്റുമെന്ന് പറഞ്ഞ് അവന് പരിശീലനം നൽകുക ആയിരുന്നു എന്ന് യുവിയുടെ പിതാവ് പറഞ്ഞു. ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാകാൻ വളരെയധികം അച്ചടക്കം ആവശ്യമാണ് എന്നത് യുവിക്ക് നന്നായി അറിയാമായിരുന്നു എന്നും പിതാവ് പറഞ്ഞു. വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അഭിഷേകിന്റെ ആ വശം യുവരാജ് ശ്രദ്ധിച്ചു. രാത്രിയിലെ പാർട്ടികളിൽ നിന്നും കാമുകിയെ കാണുന്നതിൽ നിന്നും യുവരാജ് അഭിഷേകിനെ തടഞ്ഞുവെന്ന് യോഗരാജ് വെളിപ്പെടുത്തി.
“‘അവനെ പൂട്ടുക എന്നാണ് യുവി പറഞ്ഞിരുന്നത്’. അഭിഷേകിന്റെ അച്ഛന് അവനെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ അവൻ യുവരാജ് സിങ്ങിന്റെ നിയന്ത്രണത്തിലായി. യുവി ഇപ്പോഴും ‘നീ എവിടെയാണ്?’ എന്ന് പറഞ്ഞ് അവനെ വിളിക്കുമായിരുന്നു. പല രാത്രിയിലും യുവി അഭിഷേകിനോട് ദേഷ്യപെടുന്നത് ഞാൻ കേട്ടിട്ടുണ്ട്.” 9 മണി കഴിഞ്ഞു, എത്രയും വേഗം പോയി കിടക്കുക. അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും എന്നൊക്കെ യുവി പറയുമായിരുന്നു.’ അഭിഷേക് വഴിതെറ്റി പോകേണ്ടതായിരുന്നു. പക്ഷെ യുവി രക്ഷിച്ചു.” യോഗരാജ് പറഞ്ഞു.