IPL 2025: ഞാൻ വിരമിച്ചെന്ന് വെച്ച് ഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല മക്കളെ; കൊൽക്കത്തയ്‌ക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ഐപിഎലിന്റെ 18 ആം സീസണിൽ കൊൽക്കത്തയ്‌ക്കെതിരെ ആർസിബിയുടെ 18 നമ്പർ ജേഴ്സിയുടെ സംഹാരതാണ്ഡവം. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു 7 വിക്കറ്റ് വിജയം. ടി 20 യിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും തന്റെ ഫോമിന്റെ കാര്യത്തിൽ കോഹ്ലി വിട്ടു വീഴ്ച ചെയ്തിട്ടില്ല. 36 പന്തിൽ 4 ഫോറും 3 സിക്സറുമടക്കം 59* റൺസാണ് താരം നേടിയത്.

മത്സരത്തിൽ ആർസിബിയുടെ എല്ലാ ഡിപ്പാർട്മെന്റും പൂർണ അധിപത്യത്തിലാണ് നിന്നത്. പ്ലയെർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഓൾ റൗണ്ടർ കൃണാൽ പാണ്ഡ്യായാണ്. താരം 4 ഓവറിൽ 29 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. ആർസിബിക്ക് വേണ്ടി ഓപണർ ഫിൽ സാൾട്ട് 51 റൺസ് നേടി. കൂടാതെ ക്യാപ്റ്റൻ രജത് പട്ടീദാർ വെടിക്കെട്ട് പ്രകടനവുമായി 16 പന്തിൽ 34 റൺസും നേടി. ബോളിങ്ങിൽ കൃണാൽ പാണ്ട്യ 3 വിക്കറ്റുകളും ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റുകളും, റാഷിക്ക് സലാം സുയാഷ്‌ ശർമ്മ, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

കൊൽക്കത്തയ്ക്ക് വേണ്ടി അജിങ്ക്യ രഹാനെ 31 പന്തിൽ 6 ഫോറും നാല് സിക്സറുകളും അടക്കം 56 റൺസാണ് അടിച്ച് കേറ്റിയത്. കൂടാതെ സുനിൽ നരൈൻ 44 റൺസും നേടി. എന്നാൽ പിന്നീട് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിക്കാൻ കൊൽക്കത്ത താരങ്ങൾക്ക് സാധിച്ചില്ല.

ഇന്ന് ഐപിഎലിൽ രണ്ട് മത്സരങ്ങളാണ് നടക്കുക. ഉച്ചയ്ക്ക് 3.30 ന് സൺ റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസ് പോരാട്ടം, 7.30ന് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും നേർക്കുനേർ ഇറങ്ങും.