IPL 2025: ഇനിമേൽ ആ ടെറിട്ടറി എന്റെ ഈ ടെറിട്ടറി എന്റെ എന്നൊന്നും പറയേണ്ട വിട്ടു പിടി, ദി വേൾഡ് ഈസ് മൈ ടെറിട്ടറി; ബാംഗ്ലൂരിനോട് പക വീട്ടിയുള്ള കെഎൽ രാഹുലിന്റെ ആഘോഷം വൈറൽ

പതിനെട്ടാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ആവേശഭരിതനായ കെ.എൽ. രാഹുൽ നടത്തിയ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ തുടർച്ചയായ നാലാമത്തെ വിജയമായിരുന്നു ഇന്നലെ ബാംഗ്ലൂരിനെതിരായ 6 വിക്കറ്റ് വിജയം. ഒരു ഘട്ടത്തിൽ 58/4 എന്ന നിലയിൽ ഡൽഹി പ്രതിസന്ധിയിലായി നിന്ന സമയത്ത് ക്രീസിൽ ഉറച്ച രാഹുലിന്റെയും ട്രിസ്റ്റൻ സ്റ്റബ്‌സിന്റെയും കൂട്ടുകെട്ട് 17.5 ഓവറിൽ ഡൽഹിയെ വിജയവര കടത്തുക ആയിരുന്നു.

കളിയിലെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ 53 പന്തിൽ നിന്ന് 7 ഫോറുകളും 6 സിക്സറുകളും സഹിതം 93 റൺസ് നേടി പുറത്താകാതെ നിന്നു. സ്റ്റബ്സിനൊപ്പം 105 റൺസിന്റെ അപരാജിത കൂട്ടുകെട്ട് അദ്ദേഹം പങ്കിട്ടു. സ്റ്റബ്സ് 38 റൺസ് നേടി പുറത്താകാതെ നിന്നു.

കെ.എൽ മത്സരാവേശം പറഞ്ഞ വാക്കുകൾ ഇങ്ങനെ “ഇതൊരു ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നു, സഹായിച്ചത് വിക്കറ്റ് കീപ്പിംഗ് ആയിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് ഞാൻ ഷോട്ടുകൾ കളിച്ചു. ഏതൊക്കെ മേഖലകളാണ് ലക്ഷ്യമിടേണ്ടതെന്ന് എനിക്കറിയാമായിരുന്നു. ആർ‌സി‌ബി ബാറ്റ്‌സ്മാൻമാർ വരുത്തിയ പിഴവുകളെക്കുറിച്ചും ഫോറുകളും സിക്സറുകളും അടിക്കാൻ അവർ ലക്ഷ്യമിട്ട വഴികളെക്കുറിച്ചും എനിക്ക് അറിയാമായിരുന്നു, ”അദ്ദേഹം പറഞ്ഞു.

എം ചിന്നസ്വാമി സ്റ്റേഡിയവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും രാഹുൽ പറഞ്ഞു “ഇത് എന്റെ ഗ്രൗണ്ടാണ്, ഇത് എന്റെ വീടാണ്. മറ്റാരെക്കാളും നന്നായി എനിക്കറിയാം. സാഹചര്യത്തിനും വേദികൾക്കും അനുസൃതമായി ഞാൻ പരിശീലിക്കുന്നു. പരിശീലന സെഷനുകളിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. വ്യത്യസ്ത വിക്കറ്റുകളിൽ കളിക്കുന്നതിൽ എനിക്ക് വൈദഗ്ദ്ധ്യം വേണം. അതിലാണ് ഞാൻ ശ്രദ്ധിക്കുന്നത് ” അദ്ദേഹം കൂട്ടിച്ചേർത്തു.

ഐപിഎൽ 2025-ൽ രാഹുൽ തുടർച്ചയായി നേടുന്ന രണ്ടാമത്തെ പ്ലയർ ഓഫ് ദി മാച്ച് അവാർഡ് ആണിത്. എന്തായാലും തന്നെ ടീമിൽ എടുക്കാത്ത ബാംഗ്ലൂരിനോടുള്ള പക മുഴുവൻ രാഹുലിന്റെ ആഘോഷത്തിൽ ഉണ്ടായിരുന്നു.

Read more