2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്‌ലി അഞ്ച് അർദ്ധസെഞ്ച്വറികൾ നേടിയിട്ടുണ്ട്, ആ മത്സരങ്ങളിലെല്ലാം റോയൽ ചലഞ്ചേഴ്‌സ് വിജയിച്ചിട്ടും ഉണ്ട്. 9 മത്സരങ്ങളിൽ നിന്ന് 392 റൺസ് നേടിയ അദ്ദേഹം, സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് മുമ്പ് ബെംഗളൂരു തുടർച്ചയായി മൂന്ന് ഹോം മത്സരങ്ങളിൽ തോറ്റിരുന്നു. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മുൻ മത്സരങ്ങളിൽ ബാറ്റിംഗ് തകർന്നത് ആയിരുന്നു ടീമിന്റെ പരാജയത്തിന്റെ കാരണം. എന്നാൽ രാജസ്ഥാനുമായുള്ള മത്സരത്തിൽ ബാറ്റർമാർ സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ഒരു ഹോം മത്സരത്തിൽ തുടർച്ചയായി നാലാം ടോസ് നഷ്ടപ്പെട്ട ആർസിബി ക്യാപ്റ്റൻ രജത് പട്ടീദറിനെ രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സമാനമായ ടോസ് ഫലം ബെംഗളൂരുവിന്റെ ബാറ്റിംഗ് തകർച്ചയ്ക്കും മോശം പ്രകടനത്തിനും കാരണമായി.
സീസണിൽ സ്വന്തം സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ എല്ലാം ബാറ്റിംഗ് പരാജയപ്പെട്ട ടീം ഇന്നലെ ഹോം മത്സരത്തിൽ 200 റൺസ് തികച്ചു. കോഹ്‌ലി 42 പന്തിൽ നിന്ന് 8 ഫോറുകളും 2 സിക്സറുകളും സഹിതം 70 റൺസ് നേടി. സഹതാരം ദേവ്ദത്ത് പടിക്കൽ 27 പന്തിൽ നിന്ന് 4 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെടെ 50 റൺസ് നേടി. ബെംഗളൂരു 205/5 എന്ന സ്കോർ നേടിയപ്പോൾ മറുപടിയിൽ ടീം രാജസ്ഥാനെ 194/9 എന്ന സ്കോറിൽ ഒതുക്കി നിർണായക ജയം സ്വന്തമാക്കി.
എന്തായാലും ഇന്നലത്തെ ജയത്തിന് പിന്നാലെ കോഹ്‌ലി പറഞ്ഞത് ഇങ്ങനെ “സ്വന്തം മണ്ണിലെ മൂന്ന് മത്സരങ്ങൾ തോറ്റ ശേഷം വിജയവഴിയിൽ തിരിച്ചെത്തിയതിൽ വളരെ സന്തുഷ്ടരാണ്. ഞങ്ങളുടെ ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു, ഒടുവിൽ മികച്ച പ്രകടനം കാഴ്ചവച്ചു. സ്കോർബോർഡ് കാണിക്കുന്നത് പോലെ പിച്ച് ബാറ്റിംഗിന് അത്ര എളുപ്പം ആയിരുന്നില്ല . രണ്ടാം ഇന്നിംഗ്സിൽ ഡ്യൂ ഒരു പങ്കുവഹിച്ചു, ബാറ്റിംഗ് എളുപ്പമായി, ”വിരാട് കോഹ്‌ലി പറഞ്ഞു.
“ടോസ് ജയിക്കുക എന്നതായിരിക്കും ആദ്യ വെല്ലുവിളി. ഹോം മത്സരങ്ങളിൽ ഞങ്ങൾക്ക് 30-35 റൺസ് കുറവായിരുന്നു എടുത്തിരുന്നു. പക്ഷേ ഇതാദ്യമായാണ് ഞങ്ങൾ 200 റൺസ് കടന്നത്. ഒരു ബാറ്റ്സ്മാൻ കഴിയുന്നത്ര സമയം കളിക്കേണ്ടി വരും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഞങ്ങൾ നിർബന്ധിത ഷോട്ടുകൾ കളിച്ചു. ” അദ്ദേഹം കൂട്ടിച്ചേർത്തു.
“ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഞങ്ങൾ 30-35 അധിക റൺസ് ചേർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബെംഗളൂരു ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്, ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ ആരാധകർ ഇത് ആസ്വദിക്കുന്നു,” അദ്ദേഹം പറഞ്ഞു.