പ്രായം വെറും 26 വയസ്, പക്ഷെ അർശ്ദീപ് സിങിന്റെ സിവി കണ്ടാൽ ആരാണെങ്കിലും ഒന്ന് ഞെട്ടും. ഈ കൊച്ച് പ്രായത്തിൽ അത്രമാത്രം നേട്ടങ്ങളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കായി ടി 20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായ അർശ്ദീപ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബിനായിട്ടും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളർ ആയി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ 2019 മുതൽ പഞ്ചാബിന്റെ ഭാഗമായ അർശ്ദീപ് 72 മത്സരങ്ങളിൽ നിന്നായി 86 വിക്കറ്റുകളാണ് വീഴ്ത്തിയിരിക്കുന്നത്. ഇതുവരെ ഒന്നാം സ്ഥാനം പങ്കിടുക ആയിരുന്നു സ്പിന്നർ പിയുഷ് ചൗളയെ താരം ഇന്ന് മറികടക്കുക ആയിരുന്നു. പഞ്ചാബിന്റെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 3 ഓവറിൽ റൺ വഴങ്ങിയ താരം 2 വിക്കറ്റുകൾ നേടുക ആയിരുന്നു.
പഞ്ചാബിൽ 2019 ൽ എത്തിയിട്ടാണ് ഈ റെക്കോഡ് കിട്ടിയതെന്ന് എതിരാളികൾക്ക് പറയാമെങ്കിലും ഇന്ത്യക്ക് ആയിട്ടുള്ള കണക്കുകളാണ് കൂടുതൽ ഞെട്ടിച്ചത്. അവിടെ 2022 ൽ മാത്രം അരങ്ങേറ്റം കുറിച്ച താരം വെറും 63 മത്സരങ്ങളിൽ നിന്നായിട്ട് നേടിയത് 99 വിക്കറ്റുകൾ ആണ്. 9 റൺ മാത്രം വഴങ്ങി 4 വിക്കറ്റുകൾ നേടിയതാണ് മികച്ച പ്രകടനം. എന്തായാലും ഇന്നലത്തെ പ്രകടനത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരം അജയ് ജഡേജ താരത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്.
“എനിക്ക്, ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനാണ് അർഷ്ദീപ് സിംഗ്. ആർസിബിക്കെതിരെ അദ്ദേഹം നന്നായി പന്തെറിഞ്ഞു, വിരാട് കോഹ്‌ലിയുടെയും ഫിൽ സാൾട്ടിന്റെയും രൂപത്തിൽ രണ്ട് പ്രധാന വിക്കറ്റുകൾ വീഴ്ത്തി. അവർക്ക് ഏത് ടീമിൽ നിന്നും മത്സരം തട്ടിയെടുക്കാൻ കഴിയും. അവനാണ് ടി 20 യിലെ ഗോട്ട് ” ജഡേജ പറഞ്ഞു.
ഇന്നലെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കോഹ്‌ലി, ഫിൽ സാൾട്ട് തുടങ്ങിയവരുടെ അതിനിർണായക വിക്കറ്റാണ് അർശ്ദീപ് വീഴ്ത്തിയത്.