ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഡൽഹി ക്യാപിറ്റൽസിനോട് സീസണിൽ ഏറ്റുമുട്ടിയ 2 മത്സരങ്ങളിലും പരാജയപ്പെട്ട് അതിദയനീയ അവസ്ഥയിലൂടെ കടന്നുപോകുക ആണ്. സീസണിന്റെ തുടക്കത്തിൽ തോൽപ്പിച്ച ശേഷം, ഇന്നലെ എൽഎസ്ജിയെ സ്വന്തം മൈതാനത്ത് അക്‌സർ പട്ടേലിന്റെ ടീം 8 വിക്കറ്റിന് പരാജയപ്പെടുത്തി. എന്തായാലും ടീം സമ്മർദ്ദത്തിലായിരുന്നപ്പോൾ ഏഴാം നമ്പറിൽ ഇറങ്ങി ബാറ്റിംഗ് നടത്തിയതിന് എൽഎസ്ജി ക്യാപ്റ്റൻ ഋഷഭ് പന്ത് വിമർശിക്കപ്പെട്ടു. മത്സരത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പന്ത് ഉത്തരം പറഞ്ഞിരിക്കുകയാണ്.
സീസണിൽ സാധാരണ നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്ന പന്ത് ഇത്തവണ ഏഴാം നമ്പറിൽ അതും ഇന്നിങ്സിൽ വെറും 2 പന്തുകൾ ബാക്കി ഉള്ളപ്പോഴാണ് ബാറ്റിംഗിന് ഇറങ്ങിയത്. അബ്ദുൾ സമദ്, ഡേവിഡ് മില്ലർ തുടങ്ങിയ താരങ്ങൾ പന്തിന് മുന്നിലാണ് ബാറ്റ് ചെയ്തത്. ഇത് കൂടാതെ ഇംപാക്റ്റ് സബ് ആയുഷ് ബദോണിയും പന്തിന് മുന്നിലെത്തി എൽഎസ്ജിയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ ഈ നീക്കങ്ങൾ ഒന്നും ഫലം കണ്ടില്ല.
ആദ്യ ഇന്നിംഗ്സിൽ ബോളിങ് അനുകൂല സാഹചര്യം ഉള്ള പിച്ചിൽ അബ്‌ദുൾ സമദിന് മികച്ച ഇന്നിംഗ്സ് കളിക്കാൻ പറ്റും എന്നാണ് താൻ പ്രതീക്ഷിച്ചത് എന്നും അതുകൊണ്ടാണ് അങ്ങനെ ഒരു നീക്കം നടത്തിയതെന്നും പന്ത് പറഞ്ഞു.
“അത്തരമൊരു വിക്കറ്റ് മുതലെടുക്കാൻ ഞങ്ങൾ സമദിനെ അയച്ചു. അതിനുശേഷം, മില്ലർ വന്നു. പക്ഷെ അവന് കാര്യമായ ഒന്നും ചെയ്യാൻ ആയില്ല. ടീമിന് ഏറ്റവും ആവശ്യം വിജയ കോമ്പിനേഷൻ കണ്ടെത്തുക എന്നുള്ളതാണ് പ്രധാനം” മത്സരശേഷം ഋഷഭ് പന്ത് പറഞ്ഞു.
കളിയുടെ അവസാന ഓവറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ പന്ത് വെറും രണ്ട് പന്തുകൾ മാത്രമാണ് കളിച്ചത്. രണ്ട് പന്തിൽ പൂജ്യത്തിന് പുറത്തായ അദ്ദേഹത്തിന്റെ ഈ സീസണിൽ ഡിസിക്കെതിരെയുള്ള രണ്ടാമത്തെ പരാജയമാണിത്. മത്സരത്തിന്റെ ആദ്യ പാദത്തിൽ തന്റെ മുൻ ഫ്രാഞ്ചൈസിനെതിരെ പന്ത് 6 പന്തിൽ പൂജ്യത്തിന് പുറത്തായിരുന്നു.
“ലഖ്‌നൗവിൽ ടോസ് ഒരു വലിയ പങ്കു വഹിക്കുന്നതിനാൽ ഞങ്ങൾ നേടിയത് 20 റൺസ് കുറവാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ആദ്യം ബൗൾ ചെയ്യുന്നതാരായാലും, അവർക്ക് വിക്കറ്റിൽ നിന്ന് ധാരാളം സഹായം ലഭിക്കുന്നു. ഞങ്ങൾക്ക് ആകട്ടെ പിച്ച് നോക്കി കളിക്കാൻ ആയില്ല.”
“ലഖ്‌നൗവിൽ എപ്പോഴും ഇത് സംഭവിക്കാറുണ്ട്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റ് മികച്ചതാകുന്നു. കളി അങ്ങനെയാണ് പോകുന്നത്, നിങ്ങൾക്ക് പരാതിപ്പെടാൻ കഴിയില്ല. അതെ, ടോസ് ഇവിടെ ഒരു വലിയ പങ്ക് വഹിക്കുന്നു, പക്ഷേ ഞങ്ങൾ ഒഴികഴിവുകൾ തേടുന്നില്ല, അതിൽ നിന്ന് പഠിക്കാൻ നോക്കുന്നു,” പന്ത് പറഞ്ഞു.