ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുമ്പ് രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സില്‍നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് ഒഴിവാക്കി മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ പുതിയ നായകനായി നിയമിച്ചിരുന്നു.
അടുത്ത സീസണ് മുമ്പ് രോഹിത് മുംബൈ വിടും. ഇത്തരം ചര്‍ച്ചകളൊക്കെ ലോകകപ്പിനുശേഷം നടക്കുന്നതാണ് നല്ലത്. അതെന്തായാലും 11 വര്‍ഷം മുംബൈയെ നയിച്ച രോഹിത് അടുത്ത സീസണില്‍ ടീം വിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. മറ്റ് പല ടീമുകളും ക്യാപ്റ്റന്‍മാരെ തേടുന്നുമുണ്ട്.
ഈ സീസണില്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായ പശ്ചാത്തലത്തില്‍ മുംബൈ ടീം മാനേജ്‌മെന്റ് അടുത്ത സീസണില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ മാറ്റാന്‍ തീരുമാനിച്ചാല്‍ ജസ്പ്രീത് ബുമ്രയ്ക്കും സൂര്യകുമാര്‍ യാദവിനും സാധ്യതയുണ്ട്. ഇരുവരും മുമ്പ് ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ളവരുമാണ്. പക്ഷേ ബുമ്രയും സൂര്യയും രോഹിതിനൊപ്പം മുംബൈ ഇന്ത്യന്‍സ് വിടുമോ എന്നാണ് ഇനി അറിയേണ്ടത്- കുംബ്ലെ പറഞ്ഞു.
രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് നീക്കിയ തീരുമാനം മുംബൈയ്ക്ക് തിരിച്ചടിയായി. അഞ്ച് തവണ ചാമ്പ്യന്‍മാര്‍ 14 കളികളില്‍ നിന്ന് നാല് വിജയങ്ങള്‍ മാത്രം നേടി പട്ടികയില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.