ഇന്ത്യൻ ക്രിക്കറ്റ് വിരാട് കോഹ്‌ലിക്ക് ശേഷം സൂപ്പർ താരമായി മുന്നോട്ട് വെക്കുന്ന ആളാണ് ശുഭ്മാൻ ഗിൽ. ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകാൻ സാധ്യതയുള്ള ഒരു പ്രധാന കളിക്കാരനാകാൻ അദ്ദേഹം ഒരുങ്ങുകയാണ്. 2025 ലെ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ മികച്ച രീതിയിൽ നയിക്കുന്ന ഗിൽ അസാദ്യ മികവാണ് കാണിക്കുന്നത്. അതേസമയം ജനപ്രിയനായ വ്യക്തിയായതിനാൽ, അദ്ദേഹത്തിന്റെ വ്യക്തിജീവിതം വളരെയധികം ചർച്ചയാകുന്ന ഒന്നാണ്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറുമായി ഗില്ലിന്റെ പേര് പലതവണ ബന്ധപ്പെടുത്തി ആളുകൾ പറയാറുണ്ട്. എന്തായാലും ഗിൽ തന്നെ ഈ വിഷയത്തിൽ ഇപ്പോൾ സംസാരിച്ചിരിക്കുകയാണ്
ഹോളിവുഡ് റിപ്പോർട്ടറുമായുള്ള ഒരു സംഭാഷണത്തിൽ, ശുഭ്മാൻ ഗിൽ മൂന്ന് വർഷമായി താൻ സിംഗിൾ ആയി നിൽക്കുക ആണെന്ന് പറഞ്ഞു. അതോടെ ഈ വിഷയം സംബന്ധിച്ച എല്ലാ ഊഹാപോഹങ്ങളും കിംവദന്തികളും അവസാനിപ്പിച്ചു. ലിങ്ക് അപ്പ് കിംവദന്തികളെ ‘പരിഹാസ്യം’ എന്ന് പോലും അദ്ദേഹം വിശേഷിപ്പിച്ചു.
“മൂന്ന് വർഷത്തിലേറെയായി ഞാൻ സിംഗിൾ ആണ്. നിരവധി ഊഹാപോഹങ്ങളും കിംവദന്തികളും ഒകെ വരുന്നു. എന്നെ വ്യത്യസ്ത ആളുകളുമായി ബന്ധിപ്പിക്കുന്നു. ചിലപ്പോൾ, എന്റെ ജീവിതത്തിൽ ഒരിക്കലും ആ വ്യക്തിയെ ഞാൻ കാണുക പോലും ചെയ്തിട്ടില്ല എന്നത് ആണ് കോമഡി.” ഗിൽ പറഞ്ഞു.
തന്റെ പ്രൊഫഷണൽ കരിയറിൽ മാത്രമാണ് താൻ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗിൽ പറഞ്ഞു. അതിനാൽ, വർഷത്തിൽ 300 ദിവസം ഒരാൾക്ക് വേണ്ടി ചെലവഴിക്കാൻ തന്റെ ജീവിതത്തിൽ ഇടമില്ല എന്നും താരം പറഞ്ഞു. “എന്റെ പ്രൊഫഷണൽ കരിയറിൽ എന്തുചെയ്യണമെന്നതിൽ ഞാൻ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് എനിക്കറിയാം. വർഷത്തിൽ 300 ദിവസം ഒരാളോടൊപ്പം ചെലവഴിക്കാൻ എന്റെ ജീവിതത്തിൽ ഇടമില്ല. ഞങ്ങൾ ക്രിക്കറ്റ് താരങ്ങൾ ഇപ്പോഴും യാത്രയിൽ ആയിരിക്കും. അതിനാൽ ഒരാളോടൊപ്പം ആയിരിക്കാനോ ഒരു ബന്ധത്തിൽ ആയിരിക്കാനോ കഴിയുന്നത്ര സമയം ഇല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.