ഐപിഎല്‍ 2025 സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പദ്ധതികളെക്കുറിച്ചും സഞ്ജു സാംസണിന്‍റെ നായകനായുള്ള ഭാവിയെക്കുറിച്ചും വിലയിരുത്തല്‍ നടത്തി ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍പി സിംഗ്. സഞ്ജു സാംസണിനെ രാജസ്ഥാന്‍ ക്യാപ്റ്റനായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ആര്‍പി സിംഗ് ആര്‍ആര്‍ നിലനിര്‍ത്തേണ്ട മറ്റ് താരങ്ങള്‍ ആരൊക്കെയെന്നും പറഞ്ഞു.
സഞ്ജു സാംസണിനെ രാജസ്ഥാന്‍ ക്യാപ്റ്റനായി നിലനിര്‍ത്തണം. നായകനെന്ന നിലയില്‍ ഇനിയും മുന്നോട്ട് പോകാന്‍ അവനാവും. സഞ്ജുവിനൊപ്പം യശ്വസി ജയ്സ്വാള്‍, റിയാന്‍ പരാഗ്, ജോസ് ബട്ലര്‍, യുസ് വേന്ദ്ര ചഹാല്‍ അല്ലെങ്കില്‍ ട്രന്റ് ബോള്‍ട്ട് എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തേണ്ടത്.
ബോള്‍ട്ട് മികച്ച ബോളറാണെങ്കിലും ചഹാലിനെയാണ് ടീമിന് കൂടുതല്‍ ആവശ്യം. അണ്‍ക്യാപ്പ്ഡ് താരമായി സന്ദീപ് ശര്‍മയെ പരിഗണിക്കുകയാവും രാജസ്ഥാന് എളുപ്പം- ആര്‍പി സിംഗ് പറഞ്ഞു.
അതോടൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സ് ഋഷഭ് പന്തിനെ നായകനായി നിലനിര്‍ത്തണമെന്നും താരം ആവശ്യപ്പെട്ടു. ബിഗ്-ഹിറ്റിംഗ് ഓപ്പണര്‍ ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്കിനെ ഡിസി നിലനിര്‍ത്തുമെന്നും ആര്‍പി സിംഗ് കരുതുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഫ്രേസര്‍-മക്ഗുര്‍ക്ക് ഓപ്പണറായി 234.04 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റോടെ 330 റണ്‍സ് നേടിയിരുന്നു.