മറ്റൊരു മത്സരം, സിഎസ്‌കെയ്ക്ക് മറ്റൊരു തോൽവി, അതാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ കഴിഞ്ഞ മത്സരത്തിലെ ഫലത്തിന്റെ ചുരുക്കം അതും സ്വന്തം മൈതാനത്ത് കെകെആറിനോട്, അതും എട്ട് വിക്കറ്റിന്റെ വ്യത്യാസത്തിൽ. ചുരുക്കി പറഞ്ഞാൽ എതിരാളികളും തോൽവിയുടെ മാർജിനും മാത്രമാണ് മാറിയത്. ചെന്നൈ ടീമിന്റെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. ഋതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതിന് ശേഷം എംഎസ് ധോണി ചെന്നൈ ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റപ്പോൾ, ആരാധകർ ടീമിന്റെ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു, പക്ഷേ കഴിഞ്ഞ ദിവസത്തെ തോൽവി അവരെ എല്ലാം സങ്കടപ്പെടുത്തി.
എന്തായാലും ആ സങ്കടത്തിന്റെ മേൽ എരിവും പുളിയും മസാലയുമൊക്കെ പുരട്ടി കൂടുതൽ കളിയാക്കുകയാണ് ചെന്നൈയെ തകർത്തെറിഞ്ഞ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെയ്തിരിക്കുന്നത്. കെ കെ ആർ താരങ്ങളായ നരെയ്നും ഹർഷിത് റാണയും വരുൺ ചക്രവർത്തിയും മൊയീൻ അലിയുമൊക്കെ ഉൾപ്പെടുന്ന ഒരു ചിത്രമാണ് ടീം പങ്കുവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ അവർ എറിഞ്ഞ 61 ഡോട്ട് ബോൾ, അത് കാരണം നടുന്ന 30500 മരങ്ങൾ, എക്കോ ഫ്രണ്ട്‌ലി നൈറ്റ്സ് എന്നാണ് ക്യാപ്‌ഷനായി ഇതിന് കൊടുത്തിരിക്കുന്നത്.
ഓരോ ഡോട്ട് ബോളിനും 500 മരങ്ങൾ സീസണിൽ നേടുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. 103 റൺസ് മാത്രം നേടി ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ അതിൽ 59 പന്തുകളിൽ മാത്രമാണ് റൺസ് പിറന്നത്. ബാക്കി 61 ഉം ഡോട്ട് ബോളുകൾ ആയിരുന്നു. ഇത് വെച്ചിട്ടാണ് ചെന്നൈയെ കൊൽക്കത്ത തോൽപ്പിച്ചത്.. മറ്റൊരു കൗതുകം 59 പന്തുകൾ ബാക്കി നിൽക്കെയാണ് കൊൽക്കത്ത മത്സരം ജയിച്ചത് എന്നാണ്.
ചെന്നൈയെ സംബന്ധിച്ച് നാളെ നടക്കുന്ന ലക്നൗവിനെതിരായ പോരാട്ടം ജയിക്കാൻ ആയില്ലെങ്കിൽ അവർ പ്ലേ ഓഫ് എത്താതെ പുറത്താകും എന്ന് ഉറപ്പാക്കും.