രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയ 11 റൺസിന്റെ വിജയത്തിൽ ജോഷ് ഹേസിൽവുഡ് നിർണായക പങ്ക് വഹിച്ചിരുന്നു. താരം മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി. സ്വന്തം മൈതാനത്ത് നാല് മത്സരങ്ങളിൽ നിന്ന് ആർസിബിയുടെ ആദ്യ വിജയമാണിത്, 9 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ബെംഗളൂരു ഫ്രാഞ്ചൈസി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി എന്നൊരു പ്രത്യേകതയും ഉണ്ട്. 206 റൺസ് പിന്തുടർന്ന രാജസ്ഥാൻ കളിയിൽ ജയം ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ വിക്കറ്റുകളുടെ കുത്തൊഴുക്ക് അവരെ 194/9 എന്ന നിലയിൽ ഒതുക്കി. യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്മെയർ, ജോഫ്ര ആർച്ചർ എന്നിവരെ പുറത്താക്കിയ ഓസ്‌ട്രേലിയൻ പേസർ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
മത്സരശേഷം നടന്ന പ്രസന്റേഷൻ ചടങ്ങിൽ അദ്ദേഹം മുരളി കാർത്തിക്കിനോട് സംസാരിച്ചു. “എന്റെ ശക്തിയിൽ ഉറച്ചുനിൽക്കുക എന്നത് പ്രധാനമായിരുന്നു. ഞാൻ പന്തുകൾ നന്നായി മിക്സ് ചെയ്തു. സ്ലോ ബോളുകൾ, ഹാർഡ് ലെങ്ത്, യോർക്കറുകൾ എന്നിവ എറിഞ്ഞു. നിങ്ങളുടെ പന്തുകൾ നന്നായി എറിഞ്ഞാൽ അടിക്കുന്നത് എളുപ്പമായിരുന്നില്ല,” ജോഷ് ഹേസൽവുഡ് പറഞ്ഞു.
ടി20 ക്രിക്കറ്റിലെ തന്റെ വിജയത്തിന് പിന്നിലെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. “ഞാൻ കളിച്ച ടീമുകളുടെ റേഞ്ച് ഇതിന് ഒരു കാരണമാണ്. അവിടെ സഹതാരങ്ങൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഓസ്ട്രേലിയ എന്നിവയ്ക്കായി കളിക്കുന്നത് എന്നെ മികച്ച ബൗളറാക്കാൻ സഹായിച്ചു. വ്യത്യസ്ത ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും മത്സരങ്ങളിൽ അത് നടപ്പിലാക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
സഹ പേസർ യാഷ് ദയാലുമായുള്ള തന്റെ കൂട്ടുകെട്ടിനെക്കുറിച്ച് ജോഷ് ഇങ്ങനെ പറഞ്ഞു “യാഷ് ദയാലുമായി സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. മത്സരങ്ങൾക്കിടയിൽ ഞങ്ങൾ പരസ്പരം സംസാരിക്കും. ബെംഗളൂരുവിൽ ബൗൺസ് ഉണ്ടായിരുന്നു , 205 റൺസ് മികച്ചതാണെന്ന് ഞങ്ങൾ കരുതി, പക്ഷേ ചിന്നസ്വാമി വിക്കറ്റിനെക്കുറിച്ച് നിങ്ങൾക്ക് ഒരിക്കലും ഉറപ്പില്ല,” അദ്ദേഹം പറഞ്ഞു.