ടി20 ഫോർമാറ്റിലെ തന്റെ സ്ട്രൈക്ക് റേറ്റിന്റെ പേരിൽ വിരാട് കോഹ്‌ലി പലപ്പോഴും വിമര്ശിക്കപെടാറുണ്ട്. പതിനേഴാം സീസണിൽ 700-ലധികം റൺസ് നേടിയ വെറ്ററൻ താരമായിരുന്നു അദ്ദേഹം, എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും രാജസ്ഥാൻ റോയൽസിനും എതിരെ നടന്ന മത്സരങ്ങളിലെ അദ്ദേഹത്തിന്റെ സ്‌കോറിംഗ് വേഗതയെ ചില മുൻ ക്രിക്കറ്റ് താരങ്ങൾ ചോദ്യം ചെയ്തിരുന്നു. ചില മത്സരങ്ങളിൽ ആർസിബിയുടെ തോൽവിക്ക് കോഹ്‌ലി ഉത്തരവാദിയാണെന്ന് വരെ പലരും പറഞ്ഞു.
കോഹ്‌ലിക്ക് ആകട്ടെ ഈ വിമർശനം ഒന്നും തന്നെ ഇഷ്ടപ്പെട്ടില്ല. സുനിൽ ഗവാസ്കറിനെയും സൈമൺ ഡൗളിനെയും പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു. ഇപ്പോഴിതാ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുൻ സഹതാരം എബി ഡിവില്ലിയേഴ്‌സ് താരത്തിന് പിന്തുണയുമായി രംഗത്തെത്തി. പുറത്തുള്ള ആളുകളുടെ അഭിപ്രായങ്ങൾ കോഹ്‌ലിക്ക് സമ്മർദ്ദം ഉണ്ടാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
“കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം നന്നായി ബാറ്റ് ചെയ്യുമ്പോഴും അദ്ദേഹത്തിന് അനാവശ്യമായി വിമർശനങ്ങൾ നേരിടേണ്ടിവരുന്നു. പുറത്തെ ശബ്ദങ്ങൾ വിരാട് കോഹ്‌ലിയെ സ്വാധീനിക്കുന്നുവെന്നതിൽ സംശയമില്ല. എന്റെ കരിയറിൽ സമാനമായ ഒരു പ്രശ്‌നം എനിക്കും അനുഭവപ്പെട്ടു, പക്ഷേ അത് എന്റെ പ്രകടനത്തെ ബാധിച്ചില്ല. നമ്മൾ മനുസ്യരാണ്. ഇങ്ങനെ ഉള്ള അഭിപ്രായങ്ങൾ നമ്മളെ ബാധിക്കും ” എബി ഡിവില്ലിയേഴ്‌സ് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.
” വിരാട് കോഹ്‌ലി ഒരു മികച്ച കളിക്കാരനാണ്, പക്ഷേ ഒരു മനുഷ്യനുമാണ്, ചോദ്യങ്ങൾ തീർച്ചയായും അദ്ദേഹത്തിന്റെ മനസ്സിൽ തങ്ങിനിൽക്കും. ടീമിനെ വിജയത്തിലേക്ക് നയിക്കാനും അപ്രധാനമായ എല്ലാറ്റിനെയും തടയാനും അദ്ദേഹത്തിന് കഴിയും എന്നതാണ് വിരാടിന്റെ ഏറ്റവും മികച്ച കാര്യം. ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹം അത് ചെയ്തിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
വിരാടിന് കുറച്ച് വർഷങ്ങൾ കൂടി കളിക്കാൻ കഴിയുമെന്നും പവർപ്ലേ ഓവറുകളിൽ ഫിൽ സാൾട്ട് മിക്ക സ്കോറിംഗും ചെയ്യുന്നതിനാൽ, തന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് വിഷമിക്കുന്നത് അവസാനിപ്പിക്കണമെന്നും ഡിവില്ലിയേഴ്‌സ് പരാമർശിച്ചു. “അദ്ദേഹം ഇപ്പോഴും ആവേശത്തോടെ ക്രിക്കറ്റ് കളിക്കുന്നു, തന്റെ കളി ആസ്വദിക്കുന്നതായി തോന്നുന്നു. ഫിൽ സാൾട്ട് ബൗളർമാരെ തകർക്കുമ്പോൾ വിരാടിന് തന്റെ സ്വാഭാവിക ഗെയിം കളിക്കാൻ കഴിയും. ബാറ്റിംഗ് ഡിപ്പാർട്മെന്റിന്റെ ക്യാപ്റ്റനായി അദ്ദേഹം പ്രവർത്തിക്കുകയും ടീമിന് ബാറ്റിംഗ് ഓർഡറിൽ ബാറ്റിംഗ് തകർച്ചകൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.