ബാംഗ്ലൂർ – രാജസ്ഥാൻ മത്സരത്തിലെ പ്രകടനത്തിന് ഇന്ത്യൻ യുവതാരം ദേവദത്ത് പടിക്കലിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. 27 പന്തിൽ 50 റൺസ് നേടിയ പടിക്കൽ ബാംഗ്ലൂർ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഇഎസ്‌പിഎൻ ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫിഞ്ച് തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.
“കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അവൻ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 40, 61, 50 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്കോറുകൾ. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത അദ്ദേഹം ടോപ് ഓർഡർ ബാറ്റ്സ്മാൻ എന്ന നിലയിൽ തന്റെ ജോലി കാര്യക്ഷമമായി നിർവഹിക്കുന്നു. ബാംഗ്ലൂരിൽ രാജസ്ഥാൻ റോയൽസിനെതിരെ ആർസിബി 11 റൺസിന്റെ വിജയം നേടുകയും സീസണിൽ ആദ്യമായി അവരുടെ ഹോം ഗ്രൗണ്ടിൽ വിജയിക്കുകയും ചെയ്തു. ഫിൽ സാൾട്ട് പുറത്തായതിന് ശേഷം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത പടിക്കൽ, 27 പന്തിൽ നിന്ന് 50 റൺസ് നേടി. ആർസിബിയെ 20 ഓവറിൽ 205/5 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ ഇന്നിംഗ്സ് നിർണായക പങ്ക് വഹിച്ചു.” ഫിഞ്ച് പറഞ്ഞു.
പടിക്കലിന്റെ ബാറ്റിംഗ് പ്രകടനം ശ്രദ്ധിച്ച ഫിഞ്ച്, അദ്ദേഹത്തിന്റെ ശ്രമത്തെ പ്രശംസിക്കുക മാത്രമല്ല, കോഹ്‌ലി ആർസിബിക്ക് നൽകുന്ന ഊർജ്ജത്തെക്കുറിച്ച് സംസാരിച്ചത്. “കോഹ്‌ലി അങ്ങനെ കളിക്കുമ്പോഴാണ് മധ്യനിരയിൽ ചില കൗബോയ്‌മാരെ വയ്ക്കാൻ കഴിയുക. അൾട്രാ-ഹൈ റിസ്‌ക് ഗെയിം കളിക്കുന്ന താരങ്ങളെ അവർക്ക് ഇറക്കാം. അവർ ലിവിംഗ്‌സ്റ്റണിലൂടെ അത് ചെയ്യാൻ ശ്രമിച്ചു, പക്ഷേ അത് കാര്യമായി വിജയിച്ചില്ല. കഴിഞ്ഞ വർഷം, മാക്‌സ്‌വെൽ ആ ഉയർന്ന റിസ്‌ക് ഗെയിം കളിച്ചു, പട്ടീദാറും അമിതമായി ആക്രമണാത്മകനാകാൻ ആഗ്രഹിക്കുന്നു. വിരാട് ഒരിക്കൽ ഇറങ്ങിക്കഴിഞ്ഞാൽ, വളരെ അപൂർവമായി മാത്രമേ അദ്ദേഹം 30-ൽ പുറത്താകാറുള്ളൂ. അവൻ ഇങ്ങനെ മികച്ച് നിൽക്കുമ്പോൾ ടീമിന് ജയം എളുപ്പമാകും.” ഫിഞ്ച് കൂട്ടിച്ചേർത്തു.
അതേസമയം മത്സരത്തിലേക്ക് വരുമ്പോൾ, ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് മാത്രേ നേടാൻ സാധിച്ചിരുന്നൊള്ളു. 33 റൺ വഴങ്ങി നാല് വിക്കറ്റ് നേടിയ ജോഷ് ഹേസൽവുഡാണ് കളിയിലെ താരം.