ഇന്ന് നടക്കാൻ പോകുന്ന ആവേശകരമായ മത്സരത്തിന് മുമ്പ് മുൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) ബൗളിംഗ് പരിശീലകനായി ചേർന്നിട്ടും എംഎസ് ധോണിയും ഡ്വെയ്ൻ ബ്രാവോയും ഉറ്റ സുഹൃത്തുക്കളായി തുടരുന്നു. വർഷങ്ങളായി ധോണിയും ബ്രാവോയും ചെന്നൈ സൂപ്പർ കിംഗ്‌സിന് (സിഎസ്‌കെ) വേണ്ടി നിരവധി സീസണുകൾ ഒരുമിച്ച് കളിച്ചവരാണ്. എന്നാൽ, ചെന്നൈ ടീമിന്റെ നായക സ്ഥാനത്തേക്ക് തിരിച്ചെത്താൻ ധോണി ഒരുങ്ങുമ്പോൾ, നൈറ്റ് റൈഡേഴ്‌സിനെതിരെ ‘തല’യും സംഘവും തരുന്ന ഭീഷണി എങ്ങനെ തടയും എന്നതാകും ബ്രാവോയുടെ ചിന്ത.
സിഎസ്‌കെ കെകെആർ പോരാട്ടത്തിന്റെ തലേന്ന് അതായത് ഇന്നലെ നടന്ന സെഷനിൽ ബ്രാവോ തന്റെ അടുത്തേക്ക് വരുന്നത് കണ്ട ധോണി, വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തെ ‘ചതിയൻ ‘ എന്ന് തമാശയായി വിളിച്ചു, പിന്നീട് അവരുടെ സംസാരം അടങ്ങുന്ന വിഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
2011 മുതൽ 2015 വരെയും പിന്നീട് 2018 മുതൽ 2022 വരെയും ഐപിഎല്ലിൽ ബ്രാവോ രണ്ട് തവണ സിഎസ്‌കെയ്‌ക്കൊപ്പം ഉണ്ടായിരുന്നു. 2023, 2024 സീസണുകളിൽ ഫ്രാഞ്ചൈസിയുടെ ബൗളിംഗ് പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്, തുടർന്ന് അദ്ദേഹം നൈറ്റ് റൈഡേഴ്‌സിൽ ചേർന്നു.
സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം, അവരുടെ പ്രധാന നായകൻ ഋതുരാജ് കൈമുട്ടിനേറ്റ ഒടിവിനെ തുടർന്ന് സീസണിന്റെ ശേഷിക്കുന്ന ഭാഗത്ത് പുറത്തായപ്പോൾ പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വീണ്ടും നായകനായി. അഞ്ച് തവണ ജേതാക്കളായിട്ടുള്ള സിഎസ്‌കെ തുടർച്ചയായ തോൽവികൾ മറികടക്കാൻ ശ്രമിക്കുമ്പോൾ ധോണിയുടെ തിരിച്ചുവരവ് സിഎസ്‌കെക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.