വെറും 13 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവന്‍ഷിയെ എന്തുകൊണ്ടാണ് രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചതെന്ന് വെളിപ്പെടുത്തി നായകന്‍ സഞ്ജു സാംസണ്‍. വൈഭവ് നല്ല മികവുള്ള താരമാണെന്നും രാജസ്ഥാന്‍ ടീം മാനേജ്മെന്റിലെ എല്ലാവരുടേയും അഭിപ്രായം തേടിയാണ് യുവതാരത്തെ വാങ്ങിയതെന്നും സഞ്ജു പറഞ്ഞു.
അവന്റെ ബാറ്റിംഗ് പ്രകടനങ്ങളുടെ ഹൈലൈറ്റുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചെന്നൈയില്‍ ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരേ വൈഭവിന്റെ ബാറ്റിംഗ് പ്രകടനം രാജസ്ഥാന്റെ സെലക്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 60-70 പന്തുകള്‍ക്കിടയില്‍ അവന്‍ സെഞ്ച്വറി നേടി.
അവന്‍ കളിച്ച ഷോട്ടുകള്‍ നോക്കുക. അതെല്ലാം വളരെ സവിശേഷമായതായിരുന്നു. നമ്മളോടൊപ്പം ഇത്തരത്തിലുള്ള താരങ്ങളുണ്ടായാല്‍ ടീമിനത് വലിയ നേട്ടമുണ്ടാവും- എബി ഡിവില്ലിയേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രം നോക്കിയാല്‍ നിരവധി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നതായി കാണാനാവും. പ്രതിഭകളെ വളര്‍ത്തി ചാമ്പ്യന്മാരാക്കാന്‍ രാജസ്ഥാനാവും. ഉദാഹരണമായി യശ്വസി ജയ്സ്വാളിനെ നോക്കുക. യുവതാരമായി രാജസ്ഥാനിലേക്കെത്തിയ അവന്‍ ഇന്ന് ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമാണ്. റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ എന്നിവരെയെല്ലാം നോക്കുക. രാജസ്ഥാന്‍ ഇത്തരമൊരു പാരമ്പര്യമുള്ള ടീമാണ്- സഞ്ജു കൂട്ടിച്ചേര്‍ത്തു.