ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും പരാജയം. 18 റൺസിനാണ് ചെന്നൈ പഞ്ചാബിനോട് പരാജയം ഏറ്റു വാങ്ങിയത്. 219 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ ചെന്നൈക്ക് മറുപടി ബാറ്റിംഗിൽ 201 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.
പഞ്ചാബിനായി യുവ താരം പ്രിയാൻഷ് ആര്യ (103) സെഞ്ച്വറി നേടി. കൂടാതെ ശശാങ്ക് സിങ് (52) അർദ്ധ സെഞ്ച്വറി നേടി. ചെന്നൈക്ക് വേണ്ടി ഡെവോൺ കോൺവെ (69) ശിവം ദുബൈ (42) രചിൻ രവീന്ദ്ര (36) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. മത്സരം കൈവിട്ട കാര്യം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ്.
റുതുരാജ് ഗെയ്ക്ക്‌വാദ് പറയുന്നത് ഇങ്ങനെ:
“കഴിഞ്ഞ നാല് മത്സരങ്ങളിലും അതാണ് ഒരേയൊരു വ്യത്യാസമുള്ളത്. കൈവിടുന്ന ക്യാച്ചുകൾ വളരെ നിർണായകമായിരുന്നു. ഓരോ തവണയും ഞങ്ങൾ ക്യാച്ച് വിടുമ്പോൾ, അതേ ബാറ്റർ 20-25-30 റൺസ് അധികമായി നേടുന്നു. നിങ്ങൾ ആർസിബി കളി ഒഴിവാക്കിയാൽ, കഴിഞ്ഞ മൂന്ന് ചെയ്‌സുകളും ഒന്നോ രണ്ടോ അല്ലെങ്കിൽ മൂന്നോ ഹിറ്റുകളുടെ മാത്രം വ്യത്യാസത്തിലാണ് ചെന്നൈ പരാജയപ്പെട്ടത്”
റുതുരാജ് ഗെയ്ക്ക്‌വാദ് തുടർന്നു:
” ചില സമയങ്ങളിൽ പ്രിയാൻഷ് കളിച്ച രീതിയെ നിങ്ങൾ അഭിനന്ദിക്കേണ്ടതുണ്ട്. പ്രിയാൻഷ് അവസരങ്ങൾ നന്നായി ഉപയോഗിച്ചു. റിസ്കെടുത്തുള്ള ഷോട്ടുകൾ കൃത്യമായി ബൗണ്ടറിയിലെത്തിക്കാൻ പ്രിയാൻഷിന് സാധിച്ചു. ഒരുവശത്ത് ചെന്നൈ വിക്കറ്റുകൾ നേടുമ്പോഴും പ്രിയാൻഷ് നന്നായി ബാറ്റുചെയ്യുകയായിരുന്നു” റുതുരാജ് ഗെയ്ക്ക്‌വാദ് പറഞ്ഞു.