IPL 2025: ട്രാഫിക്കിൽ ചുവപ്പ് കത്തി കിടന്നാലും വേഗത്തിൽ വണ്ടി ഓടിച്ചിരുന്നവരാണ്, ഇപ്പോൾ പൊലീസ് പണി പഠിച്ചപ്പോൾ ആ ടീം ദുരന്തമായി; സുനിൽ ഗവാസ്‌കർ

കഴിഞ്ഞ വർഷത്തെ ഐപിഎൽ ഫൈനലിസ്റ്റുകളായ സൺറൈസേഴ്‌സ് ഹൈദരാബാദ് നാല് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടി പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായ സാഹചര്യത്തിൽ, ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ ടീമിന്റെ ബാറ്റ്‌സ്മാൻമാരെ ഫാൻസി കാറുകളെപ്പോലെയാണ് താരതമ്യം ചെയ്ത് രംഗത്ത്. കഴിഞ്ഞ സീസണിൽ അവർ ഫൈനലിൽ എത്തിയപ്പോൾ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റെങ്കിലും ഈ സീസണിലേക്ക് വന്നാൽ തങ്ങൾ 300 റൺ ഉറപ്പായിട്ടും നേടുമെന്ന് പറഞ്ഞിരുന്നു.

ഈ സീസണിന് മുന്നോടിയായി ഇഷാൻ കിഷനെ പോലെ ഒരു ബിഗ് ഹിറ്റർ ടീമിൽ എത്തിയതോടെ ആ ലക്ഷ്യം നേടുമെന്ന് അവർ ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ ഈ സീസണിലെ ഇതുവരെയുള്ള മത്സരങ്ങളിൽ ഒന്നിൽ ജയിച്ച് ബാക്കി എല്ലാം പരാജയപ്പെട്ട ടീം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്.

“വേഗതയെക്കുറിച്ച് എന്തോ ഒന്നുണ്ട്, അല്ലേ? വേഗത ആവേശം പകരുന്ന ഒന്നാണ്, പക്ഷേ ചിലപ്പോൾ വേഗത നിങ്ങളെ കൊല്ലുകയും ചെയ്യും,” ഗവാസ്കർ തന്റെ സ്പോർട്സ് സ്റ്റാർ കോളത്തിൽ പറഞ്ഞു. “കഴിഞ്ഞ വർഷം, ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് പവർപ്ലേയിലും അതിനുമപ്പുറത്തും എങ്ങനെ ബാറ്റ് ചെയ്യണമെന്നതിനെക്കുറിച്ച് ഒരു പുതിയ മാതൃക സൃഷ്ടിച്ചു. അവർ അതിവേഗത്തിൽ ബാറ്റ് ചെയ്തു, എതിരാളികളെ പൂർണ്ണമായും അത്ഭുതപ്പെടുത്തി, അതിന്റെ ഫലമായി, അവരുടെ ടീം ഐപിഎല്ലിൽ 300 റൺസ് മറികടക്കുന്നതിന് വളരെ അടുത്തെത്തി. ട്രാഫിക് റെഡ് സിഗ്നലുകൾക്കിടയിലൂടെ പോകുന്ന ഫാൻസി സ്‌പോർട്‌സ് കാറുകളിൽ പിടിക്കപ്പെടാതെ പോകുന്ന ചെറുപ്പക്കാരെപ്പോലെയായിരുന്നു അവരുടെ ബാറ്റിംഗ്,” അദ്ദേഹം എഴുതി.

“ഈ വർഷത്തെ ആദ്യ മത്സരത്തിൽ, SRH പിടിക്കപ്പെടാതെ ചുവപ്പ് സിഗ്നൽ മറികടന്നു. എന്നാൽ ട്രാഫിക് പോലീസ് കൂടുതൽ ബുദ്ധിമാന്മാരാകുകയും ആ കുറ്റകരമായ കാറുകൾ പിടികൂടുകയും ചെയ്യുന്നതുപോലെ, ഹൈദരാബാദിനെ മാത്രമല്ല അവരെ അനുകരിക്കാൻ ശ്രമിക്കുന്ന മറ്റ് ടീമുകളെയും ടീമുകളുടെ ബൗളർമാർ തടയാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ, ഈ ലേഖനം എഴുതുമ്പോൾ, അവർ തുടർച്ചയായി നാല് മത്സരങ്ങളിൽ പരാജയപ്പെട്ടു. ടോപ് ഓഡറിന് മികവ് കാണിക്കാൻ ആകുന്നില്ല.”

എന്തായാലും ബാറ്റ്‌സ്മാന്മാർ ട്രാക്കിൽ എത്തി ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണ് നിലവിൽ ഹൈദരാബാദ്.