IPL 2025: വീട്ടിലേക്ക് എത്രയും വേഗം എത്തണം എന്നാണ് അവന്മാരുടെ ആഗ്രഹം, കളി ജയിക്കണം എന്ന് ഒരുത്തനും ഇല്ല; ടീമിലെ ദുരന്തം ആ സൂപ്പർസ്റ്റാർ; വിരേന്ദർ സെവാഗ് പറഞ്ഞത് ഇങ്ങനെ

2025 ലെ ഐ‌പി‌എല്ലിൽ രവീന്ദ്ര ജഡേജയുടെ ബാറ്റിങ്ങിനെ കളിയാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. ഇന്നലെ നാലാം നമ്പറിൽ കളിച്ച ഓൾറൗണ്ടർ 17 പന്തിൽ നിന്ന് വെറും 21 റൺസ് മാത്രമേ നേടിയുള്ളൂ. 2025 ലെ ഐ‌പി‌എല്ലിൽ സ്പിന്നർമാർക്കെതിരെ ജഡേജ ബുദ്ധിമുട്ടുന്ന കാഴ്ച്ച സീസണിൽ മുഴുവൻ കാണാൻ ആയപ്പോൾ ഇന്നലെയും ജഡേജയെ സ്പിന്നർമാർ ബുദ്ധിമുട്ടിച്ചു.

ടൂർണമെന്റ് അവസാനിപ്പിക്കാൻ വേണ്ടി മാത്രമാണ് സിഎസ്‌കെ ബാറ്റ്‌സ്മാൻമാർ കളിക്കുന്നതെന്ന് ക്രിക്ക്ബസിൽ സംസാരിച്ച സെവാഗ് അഭിപ്രായപ്പെട്ടു. മോശം സ്‌ട്രൈക്ക് റേറ്റിൽ കളിക്കുന്ന ജഡേജ ക്രീസിൽ കുറച്ചു കൂടി പിടിച്ചുനിൽക്കാൻ ശ്രമിക്കണം എന്നും സെവാഗ് പറഞ്ഞു.

“അവരുടെ ബാറ്റ്‌സ്മാൻമാർ എപ്പോൾ വീട്ടിലേക്ക് മടങ്ങുമെന്ന് ചിന്തിക്കുന്നു? ടൂർണമെന്റ് എപ്പോൾ അവസാനിക്കും? ഇതാണ് അവർ ചിന്തിക്കുന്നത്. അവരിൽ ഒരാളെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. ജഡേജയ്ക്ക് മോശം സ്‌ട്രൈക്ക് റേറ്റ് ആണ് ഉള്ളത്. പക്ഷേ കുറഞ്ഞത് 15 അല്ലെങ്കിൽ 18 ഓവർ വരെ അവിടെ അവൻ തുടരാൻ ശ്രമിക്കണം ആയിരുന്നു. ബാക്കിയുള്ള ബാറ്റ്‌സ്മാൻമാർക്ക് അപ്പോൾ ഫ്രീ ആയി കളിക്കാൻ പറ്റുമായിരുന്നു” സെവാഗ് പറഞ്ഞു.

കൂടാതെ, സാം കറനെ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അയച്ച തീരുമാനത്തെ സെവാഗ് ചോദ്യം ചെയ്തു. പകരം സി‌എസ്‌കെക്ക് ബ്രെവിസിനെ ആ സ്ഥാനത്ത് കളിപ്പിക്കാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഈ നിരയിൽ മൂന്നാം നമ്പറിൽ സാം കറൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അദ്ദേഹം തീർച്ചയായും നേരത്തെ ബാറ്റ് ചെയ്തിട്ടുണ്ട്. ഐ‌എൽ‌ടി 20 ൽ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തിട്ടുണ്ട്, അദ്ദേഹം ആ റോൾ ബുദ്ധിപരമായി നിർവഹിച്ചിട്ടുണ്ട്. പക്ഷേ, ഈ നിരയിൽ, നിങ്ങൾക്ക് ബ്രെവിസ് ഉള്ളപ്പോൾ, മൂന്നാം സ്ഥാനത്ത് അദ്ദേഹത്തെ ഇറക്കണം ആയിരുന്നു. അപ്പോൾ ദുബൈക്ക് അടുത്ത നമ്പറിൽ ഇറങ്ങാം. തുടർന്ന് ജഡേജ, സാം കറൻ, ദീപക് ഹൂഡ എന്നിവർക്ക് വരാം,” സെവാഗ് കൂട്ടിച്ചേർത്തു.

Read more