ഐപിഎലിൽ സൺ റൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 44 റൺസ് തോൽവി. സൺ റൈസേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിൽ 286 എന്ന കൂറ്റൻ സ്കോറാണ് താരങ്ങൾ നേടിയത്. ഇഷാൻ കിഷന്റെ സെഞ്ച്വറി മികവിലാണ് എസ്ആർഎച് 286 എന്ന റെക്കോഡ് സ്‌കോറിൽ എത്തിയത്.
ഹൈദരാബാദിന് വേണ്ടി ഇഷാൻ കിഷൻ (106) വെടിക്കെട്ട് സെഞ്ചുറിയാണ് നേടിയത്. കൂടാതെ ട്രാവിസ് ഹെഡ് 26 പന്തിൽ 6 ഫോറും 3 സിക്സറുമടക്കം 58 റൺസാണ് താരം നേടിയത്, അഭിഷേക് ശർമ്മ (24), നിതീഷ് കുമാർ റെഡ്‌ഡി (30) ഹെൻറിച്ച് ക്ലാസ്സൻ (34), അഭിഷേക് ശർമ്മ (24) എന്നിവർ മികച്ച പ്രകടനം നടത്തി.
തുടക്കം മുതൽ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമായിരുന്നു ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ കാഴ്ച്ച വെച്ചത്. ചുരുങ്ങിയ പന്തുകൾക്കുള്ളിൽ അർദ്ധ സെഞ്ച്വറി നേടാൻ ട്രാവിസ് ഹെഡിന് സാധിച്ചു. എന്നാൽ ഐപിഎലിൽ ട്രാവിസ് ഹെഡ് ഏറ്റവും കൂടുതൽ പുറത്തായിരിക്കുന്നത് തുഷാർ ദേശ്പാണ്ഡെയുടെ പന്തുകളിലാണ്.
കണക്കുകൾ പ്രകാരം തുഷാർ രണ്ട് ഐപിഎൽ സീസണുകളിലായി 9 പന്തുകളാണ് ഹെഡിന് നേരെ എറിഞ്ഞിരിക്കുന്നത്. എന്നാൽ തുഷാറിന്റെ പന്തുകളിൽ 19 റൺസ് എടുക്കാൻ മാത്രമേ ട്രാവിസ് ഹെഡിന് സാധിച്ചിട്ടുള്ളു. കൂടാതെ 9 ബോളുകളിൽ നിന്നായി 2 തവണയാണ് തുഷാർ ഹെഡിനെ പുറത്താക്കിയിരിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിലും ഹെഡിനെ ഷിംറോൺ ഹെട്മയറിന്റെ കൈകളിലേക്ക് എത്തിച്ചത് തുഷാറായിരുന്നു.