IPL 2025: ട്രിക്കി പിച്ചോ എനിക്കോ, ഗോട്ടിന് എന്ത് കുടുക്ക് മക്കളെ; തകർപ്പൻ പ്രകടനത്തിന് പിന്നാലെ അതുല്യ റെക്കോഡ് സ്വന്തമാക്കി കോഹ്‌ലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായ വിരാട് കോഹ്‌ലി ഐ‌പി‌എൽ 2025 ൽ തന്റെ ഏറ്റവും മികച്ച ഫോം ഇന്നും തുടർന്നു. ടി 20 യിൽ നിന്ന് വിരമിച്ചിട്ട് കുറച്ചുകാലം ആയെങ്കിലും ഇപ്പോഴും ഈ ഫോർമാറ്റിൽ താൻ പുലി ആണെന്ന് താരം തെളിയിക്കുന്നു. ടി 20 ക്രിക്കറ്റിന്റെ നിലവിലെ ആവശ്യകത പോലെ ആദ്യ പന്ത് മുതൽ ആക്രമിക്കുന്ന ശൈലിയിലേക്ക് താരം തന്റെ ശൈലി മാറ്റിയതോടെ ബോളർമാർക്ക് തലവേദന കൂടുകയാണ്. ഇപ്പോഴിതാ ആർ‌ആറിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ താരം എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടി 20 യിൽ 3500 റൺസ് നേടുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറി. ടി 20 ക്രിക്കറ്റിലെ ഏത് വേദിയിലും 3500 റൺസ് നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായും അദ്ദേഹം മാറി.

ഐ‌പി‌എല്ലിന്റെ ഉദ്ഘാടന പതിപ്പ് മുതൽ ഇന്ത്യൻ ഇതിഹാസം ആർ‌സി‌ബിക്ക് വേണ്ടി കളിക്കുകയാണ്. ഒരു വേദിയിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമത് നിൽക്കുന്നത് മിർപൂരിൽ 3373 ടി 20 റൺസ് നേടിയ മുഷ്ഫിഖുർ റഹീമാണ്. സതാംപ്ടണിലെ റോസ് ബൗളിൽ 3253 റൺസുമായി ഇംഗ്ലണ്ട് താരം ജെയിംസ് വിൻസ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

ഇന്ന് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആർസിബിക്കായി മൂന്നാം ഓവറിൽ ജോഫ്ര ആർച്ചറിനെതിരെ തുടർച്ചയായ ബൗണ്ടറികളിലൂടെ വിരാട് കോഹ്‌ലി 3500 ടി 20 റൺസ് എന്ന നാഴികക്കല്ല് തികച്ചു. ഇന്നിങ്സിന് ഉടനീളം മികച്ച താളത്തിൽ കളിച്ച കോഹ്‌ലി 42 പന്തിൽ 70 റൺ നേടിയാണ് മടങ്ങിയത്. 8 ബൗണ്ടറിയും 2 സിക്‌സും അടങ്ങുന്ന ഇന്നിംഗ്സ് പിറന്നത് ബോളിങ് അനുകൂല സാഹചര്യത്തിൽ ആണ് വന്നത് എന്നത് ശ്രദ്ധിക്കണം.

അതേസമയമ്മ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 206 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ചു. കോഹ്‌ലിയെ കൂടാതെ ദേവ്ദത്ത് പടിക്കൽ (27 പന്തിൽ 50) അർദ്ധ സെഞ്ചുറികൾ നേടി. രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ രണ്ട് വിക്കറ്റെടുത്തു.