IPL 2025: സഞ്ജുവിനെ കണ്ട് പഠിക്ക് മോനെ റിയാനേ; താരത്തിന്റെ ക്യാപ്റ്റന്സിയെ വാനോളം പുകഴ്ത്തി ആരാധകർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്തിനെതിരെ രാജസ്ഥാൻ റോയൽസ് പരാജയം ഏറ്റുവാങ്ങിയെങ്കിലും ആരാധകരുടെ കൈയ്യടി മുഴുവൻ കൊണ്ട് പോയത് ക്യാപ്റ്റൻ സഞ്ജു സാംസണാണ്. ബാറ്റിംഗിൽ ഒട്ടുമിക്ക ബാറ്റ്‌സ്മാന്മാർ നിരാശ സമ്മാനിച്ചപ്പോൾ ഷിംറോൺ ഹെട്മയറും ക്യാപ്റ്റനും കൂടെ ടീമിന് വേണ്ടി പൊരുതി. എന്നാൽ അവസാനം വിജയ ഭാഗ്യം ഗുജറാത്തിനായിരുന്നു.

രാജസ്ഥാന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ 2 സിക്‌സും, 4 ഫോറും അടക്കം 41 റൺസ് നേടി. കൂടാതെ ഷിംറോൺ ഹെട്മയർ 32 പന്തിൽ 3 സിക്‌സും, 4 ഫോറും ഉൾപ്പടെ 52 റൺസ് നേടി. എന്നാൽ സഞ്ജു എന്ന തന്ത്രശാലിയായ ക്യാപ്റ്റന്റെ പദ്ധതികളെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ആരാധകർ.

മുൻ രാജസ്ഥാൻ താരമായ ജോസ് ബട്‌ലര്‍ ക്രീസിലെത്തിയപ്പോള്‍ സഞ്ജു വളരെ കൗതുകം നിറ‍ഞ്ഞ ഫീൽഡിങ് വിന്യാസമാണ് നടത്തിയത്. രണ്ട് സ്ലിപ്പിനെ സഞ്ജു അപ്പോൾ തന്നെ കൊണ്ടുവന്നു. ഇതിനൊപ്പം ഷോര്‍ട്ട് ലെഗ് ഫീല്‍ഡറായി നിന്ന നിതീഷ് റാണയെ കുറച്ച് കൂടി ബാറ്റ്സ്മാന്റെ അടുത്തേക്ക് കയറ്റി നിർത്തുകയും ചെയ്തു. ബട്ലറെ ആദ്യ പന്തുകളിൽ തന്നെ സമ്മർദത്തിലാക്കാൻ സഞ്ജു ഒരുക്കിയ തന്ത്രമായിരുന്നു അത്.

ആദ്യ ഇന്നിങ്സിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ ബോളർമാർക്ക് മോശമായ സമയമാണ് കൊടുത്തത്. ബോളിങ്ങിൽ രാജസ്ഥാൻ താരങ്ങൾ നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത്. മഹീഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ എന്നിവർ നാല് ഓവറിൽ അർദ്ധ സെഞ്ച്വറി വഴങ്ങി. ഐപിഎൽ പോയിന്റ് ടേബിളിൽ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്.

Read more