ഐപിഎലിൽ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 11 റൺസിന് പരാജയപ്പെടുത്തി വിജയത്തോടെ തുടക്കം കുറിച്ച് പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പ്രിയാൻഷ് ആര്യ, ശശാങ്ക് സിങ് എന്നിവർ പഞ്ചാബ് കിങ്സിന് വേണ്ടി തിളങ്ങി. സെഞ്ച്വറി നേടാൻ സാധിക്കാതെ ശ്രേയസ് 97* റൗൺസും, 47 റൺസുമായി പ്രിയാൻഷ് ആര്യയും, വെടിക്കെട്ട് പ്രകടനവുമായി 44* റൺസ് നേടിയ ശശാങ്ക് സിങ്ങും കളം നിറഞ്ഞാടി.
ഗുജറാത്തിനു വേണ്ടി സായി സുദർശൻ 74 റൺസും, 54 റൺസുമായി ജോസ് ബട്ലറും, 46 റൺസുമായി ഷെർഫെയ്ൻ റൂഥർഫോർഡ്ഡും, 33 റൺസുമായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മികച്ച പ്രകടനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മത്സരശേഷം തോൽവിയെ കുറിച്ച് ശുഭ്മൻ ഗിൽ സംസാരിച്ചു.
ശുഭ്മൻ ഗിൽ പറയുന്നത് ഇങ്ങനെ:
“മത്സരത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. ടൂർണമെന്റിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 15 ഓവറിന് ശേഷം ഒരു വൈശാഖ് വിജയകുമാർ ഇംപാക്ട് പ്ലെയറായി വന്ന് യോർക്കറുകൾ എറിയുന്നു. അത് നേരിടുക ബുദ്ധിമുട്ടാണ്. ഗുജറാത്ത് നന്നായി ബാറ്റ് ചെയ്തപ്പോൾ മികച്ച രീതിയിൽ യോർക്കറുകൾ എറിഞ്ഞത് എതിരാളികൾക്ക് ഗുണമായി. അഹമ്മദാബാദിലേത് ഒരു മികച്ച ബാറ്റിങ് വിക്കറ്റാണ്. 240-250 റൺസ് എളുപ്പത്തിൽ സ്കോർ ചെയ്യാം”
ശുഭ്മൻ ഗിൽ തുടർന്നു:
” മത്സരത്തിൽ വിജയിക്കാനുള്ള അവസരങ്ങൾ ഗുജറാത്തിന് ഉണ്ടായിരുന്നു. ബൗളിങ്ങിൽ ഒരുപാട് റൺസ് ഗുജറാത്ത് വിട്ടുനൽകി. എന്നാൽ ബാറ്റിങ്ങിൽ തുടക്കത്തിലെയും ഇന്നിംഗ്സിന്റെ മധ്യഭാഗത്തും മൂന്ന് ഓവറുകൾ വീതമാണ് ഗുജറാത്തിന് മത്സരം നഷ്ടമാക്കിയത്. ആദ്യ മൂന്ന് ഓവറിൽ നന്നായി റൺസെടുക്കാൻ കഴിഞ്ഞില്ല. അതുപോലെ മധ്യഭാഗത്ത് മൂന്ന് ഓവറിൽ 18 റൺസ് മാത്രമാണ് ഗുജറാത്ത് നേടിയത്. അത് മത്സരം പരാജയപ്പെടാൻ കാരണമായി” ശുഭ്മൻ ഗിൽ പറഞ്ഞു.