ഐപിഎല്‍ 2025 സീസണിന് മുന്നോട്ടിയായി പഞ്ചാബ് കിംഗ്സ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗിനെ മുഖ്യ പരിശീലകനായി നിയമിച്ചു. നാല് വര്‍ഷത്തേക്കാണ് കരാര്‍. മുമ്പ് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള പോണ്ടിംഗിന്റെ വരവ് വലിയ പ്രതീക്ഷയോടെയാണ് പഞ്ചാബ് ആരാധകര്‍ നോക്കിക്കാണുന്നത്.
ഹെഡ് കോച്ചാകാനുള്ള അവസരം തന്നതിന് പഞ്ചാബ് കിംഗ്സിനോട് പോണ്ടിംഗ് നന്ദി പറഞ്ഞു. ‘വര്‍ഷങ്ങളായി ഫ്രാഞ്ചൈസിയില്‍ തുടരുന്ന ആരാധകര്‍ക്ക് പ്രതിഫലം നല്‍കാന്‍ ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നു. കൂടാതെ വളരെ വ്യത്യസ്തമായി പഞ്ചാബ് കിംഗ്‌സ് മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു’ പോണ്ടിംഗ് പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഫ്രാഞ്ചൈസി എത്തിക്കുന്ന അവരുടെ മൂന്നാമത്തെ ഹെഡ് കോച്ചാണ് പോണ്ടിംഗ്. 2023 സീസണിന് മുന്നോടിയായി അനില്‍ കുംബ്ലെയ്ക്ക് പകരം ബെയ്‌ലിസ് ഈ റോളില്‍ എത്തിയിരുന്നു. എന്നിരുന്നാലും, ഫ്രാഞ്ചൈസിക്ക് കഴിഞ്ഞ രണ്ട് സീസണുകളില്‍ പ്ലേഓഫിലെത്താനായില്ല. ഇത് ഫ്രാഞ്ചൈസിയെ മറ്റൊരു മാറ്റത്തിന് പ്രേരിപ്പിച്ചു.
പഞ്ചാബ് തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടത്തിനായുള്ള തിരച്ചിലിലാണ്. മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം (ഡിസി) പോണ്ടിംഗ് ഏഴ് സീസണുകളില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന് കീഴില്‍ ഫ്രാഞ്ചൈസി 2020-ല്‍ അവരുടെ ആദ്യത്തെ ഫൈനലിലെത്തി, കൂടാതെ തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ പ്ലേ ഓഫിലും എത്തി.