2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായിരുന്നു ഗൗതം ഗംഭീർ. കഴിഞ്ഞ സീസണിൽ ഫ്രാഞ്ചൈസി അവരുടെ മൂന്നാം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടുകയും ചെയ്തിരുന്നു. കിരീട വിജയത്തിന് പിന്നാലെ ടീം വിട്ട് ഇന്ത്യയുടെ മുഖ്യ പരിശീലകനായി. എന്തായാലും കഴിഞ്ഞ സീസണിൽ ഗംഭീറിന്റെ വിശ്വസ്ത പടയാളികൾ ആയിരുന്ന കുറച്ചധികം താരങ്ങളെ കൊൽക്കത്ത നിലനിർത്തിയിരുന്നു. സുനിൽ നരെയ്ൻ, ആൻഡ്രെ റസ്സൽ, റിങ്കു സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, രമൺദീപ് സിംഗ് എന്നിവരെ പുതിയ സീസണിൽ ടീമിൽ അവർ നിലനിർത്തി.
കെകെആറിന് ശക്തമായ ഒരു യൂണിറ്റ് ഉണ്ടെന്നും, ഗംഭീറിന്റെ ഫോർമുലയിൽ ഉറച്ചുനിന്നതിന്റെ ക്രെഡിറ്റ് തീരുമാനമെടുക്കുന്നവർക്കാണ് നൽകുന്നതെന്നും മുൻ ഇന്ത്യൻ താരം നവ്ജോത് സിംഗ് സിദ്ധു കരുതുന്നു. ചെപ്പോക്കിൽ ഇന്നലെ നടന്ന മത്സരത്തിൽ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്തെറിഞ്ഞ് 8 വിക്കറ്റിന് പരാജയപ്പെടുത്തിയതിന് ശേഷം അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു.
ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി കൊൽക്കത്ത പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരായ ടീം നിലവിലെ പതിപ്പിൽ മൂന്ന് മത്സരങ്ങൾ ജയിക്കുകയും അത്രയും തന്നെ എണ്ണത്തിൽ തോൽക്കുകയും ചെയ്തു. “2025 ലെ ഐപിഎൽ സീസണിൽ കെകെആറിന് മികച്ച സ്പിൻ ആക്രമണമുണ്ട്. മറ്റ് ഫ്രാഞ്ചൈസികളിൽ നിങ്ങൾക്ക് ഇതുപോലെ മൂന്ന് സ്പിന്നർമാരെ ലഭിക്കില്ല. അവർക്ക് ശക്തമായ ഒരു ടീമുണ്ട്. ഗൗതം ഗംഭീറിന്റെ വിജയ ഫോർമുലയാണ് കൊൽക്കത്ത പിന്തുടരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മികവ് കാണിച്ച താരങ്ങളെ ഫ്രാഞ്ചൈസി നിലനിർത്തി,” സിദ്ധു പറഞ്ഞു.
“സുനിൽ നരൈൻ വർഷങ്ങളോളം ഓപ്പണർ ആയിരുന്നില്ല, എന്നാൽ കഴിഞ്ഞ സീസണിൽ ഗംഭീർ അവരോടൊപ്പം ചേർന്ന നിമിഷം, വെസ്റ്റ് ഇൻഡീസ് കളിക്കാരനെ വീണ്ടും ഓപ്പണിംഗ് സ്ലോട്ടിലേക്ക് അയച്ചു. റിങ്കുവിന്റെയും റസ്സലിന്റെയും കൂട്ടായ്മ നിങ്ങൾക്ക് കാണാൻ കഴിയും. അവർക്ക് എവിടെ നിന്നും മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയും. മറ്റൊരു മാച്ച് വിന്നറായ രാമൻദീപ് ലോവർ ഓർഡറിൽ ബാറ്റ് ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ഇന്നലത്തെ പ്രകടനത്തോടെ തങ്ങൾ ട്രാക്കിൽ എത്തിയെന്ന് കെകെആർ സിഗ്നൽ നൽകിയിട്ടിണ്ട്.