ഐപിഎൽ 2025-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസ് നേടിയ വിജയത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കെഎൽ രാഹുലിനെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പ്രശംസിച്ചു. ഐപിഎൽ 2025 ലേലത്തിൽ അദ്ദേഹത്തെ തിരഞ്ഞെടുക്കാതിരുന്നതിലൂടെ ആർസിബിക്ക് പിഴച്ചുവെന്ന സന്ദേശമാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെഎൽ രാഹുലിന്റെ വിജയാഘോഷം നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെ ബെംഗളൂരുവിൽ നടന്ന ഐപിഎൽ 24-ാം മത്സരത്തിൽ ആർസിബിയെ 163/7 എന്ന നിലയിൽ ഡിസി ഒതുക്കിയിട്ടുണ്. ചേസിൽ 53 പന്തിൽ നിന്ന് 93 റൺസ് നേടിയ രാഹുൽ നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗ് ആറ് വിക്കറ്റും 13 പന്തും ബാക്കി നിൽക്കെ സന്ദർശകരെ ലക്ഷ്യം നേടാൻ സഹായിച്ചു. താരത്തിന് വലിയ അഭിനന്ദനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നൽകുന്നത്.
“കെ.എൽ. രാഹുലിന്റെ ബാറ്റിംഗ്. അദ്ദേഹമായിരുന്നു കളിയിലെ താരം. യഷ് ദയാലിനെ സിക്‌സർ പറത്തി അതിമാരക ഫിനിഷിംഗ്, അതിന് ശേഷം ബാറ്റെടുത്തൊരു കളം വരച്ച്, നിലത്ത് കുത്തിനിർത്തിയൊരു പ്രഖ്യാപനം. ‘ഇതെൻറെ മൈതാനമാണ്, ഇതെൻറെ വീടാണ്. മറ്റാരേക്കാളും ഇവിടം നന്നായി എനിക്കറിയാം’. പണ്ട് പുറത്തെ ശബ്ദം ഒന്നും തന്നെ ബാധിക്കില്ല എന്ന രീതിയിൽ ചെവി പൊത്തി നിന്ന രാഹുൽ ഇന്നലെ സ്റ്റൈൽ മാറ്റി.”
“മത്സരം ജയിച്ച ശേഷം അവൻ പറയാതെ പറഞ്ഞ് കാണും – ‘ഞാൻ ഇവിടെയാണ് തുടങ്ങിയത്. ഞാൻ നിങ്ങളോടൊപ്പമുണ്ടായിരുന്നു, പക്ഷേ നിങ്ങൾ എന്നെ പോകാൻ അനുവദിച്ചു. അന്ന് നിങ്ങൾ എന്നെ പോകാൻ അനുവദിച്ചാലും കുഴപ്പമില്ല, പക്ഷേ ഇത്തവണ ഞാൻ ലേലത്തിൽ വന്നപ്പോൾ നിങ്ങൾക്ക് പണവും ഉണ്ടായിരുന്നു. നിങ്ങൾ വെങ്കി അയ്യർക്ക് ₹23 കോടി വരെ നിങ്ങൾ പോയി നോക്കി. എന്നാൽ എനിക്കയായി 12 കോടി വരെ നിങ്ങൾ ശ്രമിച്ചില്ല എന്റെ കഴിവുകളെ നിങ്ങൾ വിലമതിച്ചില്ല. അതിനാൽ ഞാൻ നിങ്ങൾക്ക് എതിരായി തിരിഞ്ഞു.”
2025 ലെ ഐപിഎൽ ലേലത്തിൽ വെങ്കിടേഷ് അയ്യർക്കായി വലിയ തുക ചെലവഴിക്കാൻ ആർസിബി തയ്യാറായിരുന്നു, എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) അവരെ മറികടന്ന് 23.75 കോടി രൂപയ്ക്ക് ഇടംകൈയ്യൻ ബാറ്റ്‌സ്മാനെ സ്വന്തമാക്കി. മെഗാ ലേലത്തിൽ കെഎൽ രാഹുലിനായി പ്രാരംഭ ലേലങ്ങൾ നടത്തിയ ശേഷം ബെംഗളൂരു പിന്മാറി, ഒടുവിൽ ഡിസി കർണാടക ബാറ്റ്‌സ്മാനെ ₹14 കോടിക്ക് സ്വന്തമാക്കി.