ഐപിഎല്ലിലെ ഏവരും കാത്തിരുന്ന ആവേശ പോരിൽ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഉയർത്തിയ 156 റൺസ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ചെന്നൈ അവസാന ഓവറിന്റെ ആദ്യ പന്തിൽ വിജയം സ്വന്തമാക്കുക ആയിരുന്നു. ചെന്നൈ വളരെ എളുപ്പത്തിൽ വിജയം സ്വന്തമാകും എന്ന ഘട്ടത്തിൽ ആണ് ഇമ്പാക്ട് താരവും മലയാളിയുമായ വിഘ്നേഷ് പുത്തൂർ എറിഞ്ഞ തകർപ്പൻ സ്പെൽ മുംബൈയെ സഹായിക്കുകയും മത്സരം അവസാന ഓവർ വരെ നീട്ടുകയും ചെയ്തത്. താരം മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കുക ആയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി തിളങ്ങുമെന്ന് ഏവരും കരുതിയ രോഹിത് പൂജ്യനായി മടങ്ങിയത് ആരാധകർക്ക് നിരാശ സമ്മാനിച്ചു. കാലിൽ അഹമ്മദാണ് താരത്തെ മടക്കിയത്. ഇടംകൈയ്യൻ സീമർമാർ പന്തെറിയുമ്പോൾ ഉള്ള ദൗർബല്യം ഇന്നലെയും രോഹിത്തിന് വിനയായി. ഫ്ലിക്ക് ഷോട്ട് കളിച്ച രോഹിത് ശിവം ദുബൈക്ക് ക്യാച്ച് നൽകി മടങ്ങുക ആയിരുന്നു. എന്തായാലും പുറത്താക്കലിന് പിന്നാലെ മുൻ മുംബൈ ഇന്ത്യൻസ് താരവും രോഹിത്തിന്റെ ഇന്ത്യൻ ടീമിലെയടക്കം സഹതാരവുമായി അമ്പാട്ടി റായിഡു താരത്തെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
വാക്കുകൾ ഇങ്ങനെ:
“ഇടത് കൈ സീമർമാർ നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ അവനെ നോക്കി കളിപ്പിക്കണമായിരുന്നു. നിങ്ങൾ ഒരു സിംഗിൾ എടുത്ത് നോൺ-സ്ട്രൈക്കറുടെ എൻഡിലേക്ക് മടങ്ങണമായിരുന്നു, പക്ഷേ നിങ്ങൾ ആ സ്ട്രോക്ക് കളിക്കാൻ പോകുകയും വിക്കറ്റ് നൽകുകയും ചെയ്തു,” അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയില്ലായ്മ രോഹിതിനെ ബാധിച്ചിട്ടുണ്ട്. വല്ലപ്പോഴും മാത്രമാണ് ഇന്ത്യൻ നായകന്റെ ഭാഗത്ത് നിന്ന് നല്ല ഇന്നിങ്‌സുകൾ ഇപ്പോൾ പിറക്കുക എന്നതാണ് യാഥാർഥ്യം.
ടി20യിൽ നിന്ന് വിരമിച്ച ശേഷം, 2025 ലെ ഐപിഎല്ലിൽ അദ്ദേഹം വൻ സ്കോർ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ തന്റെ വിക്കറ്റ് എതിരാളികൾക്ക് സമ്മാനിച്ചുകൊണ്ട് വെറ്ററൻ തന്റെ ആരാധകരെയും മുൻ കളിക്കാരെയും നിരാശപ്പെടുത്തി.