ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) നിലവിലെ പതിപ്പിൽ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തുന്ന മോശം പ്രകടനത്തിന് എതിരെ സുരേഷ് റെയ്‌ന രംഗത്ത്. സ്റ്റാർ സ്‌പോർട്‌സിന്റെ വിദഗ്ദ്ധ കമന്ററി പാനലിൽ നിലവിൽ പ്രവർത്തിക്കുന്ന മുൻ ക്രിക്കറ്റ് താരം, ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് നേരിട്ട പ്രതിസന്ധി പോലെ ഒന്ന് താൻ ടീമിന്റെ ചരിത്രത്തിൽ ഒന്നും കണ്ടില്ലെന്നും പറഞ്ഞു.
ലേലത്തിൽ ടീം എടുത്ത തീരുമാനങ്ങളെക്കുറിച്ച് റെയ്ന പറഞ്ഞത് ഇങ്ങനെ:
“പരിശീലകന്റെയും മാനേജ്മെന്റിന്റെയും ഭാഗത്ത് നിന്ന് എനിക്ക് തോന്നുന്നത്, ഈ വർഷത്തെ ലേലം നന്നായി നടന്നില്ല എന്നാണ്. ലേലത്തിൽ ധാരാളം യുവതാരങ്ങളും കഴിവുള്ള കളിക്കാരും ഉണ്ടായിരുന്നു, അവർ എവിടെയാണ്?”
“ഇത്രയും പണവുമായി നിങ്ങൾ ലേലത്തിന് പോയി, പക്ഷേ പന്തിനെയും അയ്യരെയും രാഹുലിനെയും കൈവിട്ടു. അവർ ആ താരങ്ങൾക്ക് വേണ്ടി ഒന്ന് ശ്രമിച്ചത് പോലും ഇല്ല. സിഎസ്‌കെ ഇങ്ങനെ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടില്ല,” മത്സരത്തിനിടെ കമന്ററി പറയുന്നതിനിടെ റെയ്‌ന പറഞ്ഞു.
ഈ സീസണിൽ അതിദയനീയ പ്രകടനം തുടരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിൽക്കുന്നത്.