തിരിച്ചടിയേറ്റ് പുളഞ്ഞ് താരരാജാക്കന്മാര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറിനും യുവരാജ് സിംഗിനും വന്‍ തിരിച്ചടി. താരലേലത്തില്‍ പുറന്തള്ളപ്പെട്ടില്ലെങ്കിലും താരമേന്യേ കുറഞ്ഞ വിലക്കാണ് ഒരുകാലത്ത് കോടികള്‍ വാരിയിരുന്ന ഈ താരങ്ങള്‍ ഒതുങ്ങിയത്.

യുവരാജ് സിംഗിനാണ് ഐപിഎല്‍ താരലേലത്തില്‍ കനത്ത തിരിച്ചടിയേറ്റത്. അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് യുവരാജിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണുകളിലെ വിലയേറി താരങ്ങളിലൊരാളായിരുന്നു യുവരാജ് എന്നതിനാല്‍ ഈ തിരിച്ചടിയ്ക്ക് അഘാതം കൂടും. കഴിഞ്ഞ സീസണുകളില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു യുവി.

ഗൗതം ഗംഭീറിനെയാകട്ടെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ആണ് സ്വന്തമാക്കിയത്. ലേലത്തില്‍ മികച്ച വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേവലം 2.8 കോടി രൂപയ്ക്കാണ് താരത്തെ ഡെല്‍ഹി തങ്ങളുടെ ടീമില്‍ എത്തിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന ഗംഭീര്‍ ആദ്യ മൂന്ന് സീസണുകളില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായിരുന്നു.

എങ്കിലും താന്‍ ആശിച്ച പോലെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനായി എന്നത് ഗംഭീറിന് ആശ്വാസം നല്‍കും.

Read more

അതെസമയം ഹാഷിം അംല, ക്രിസ് ഗെയില്‍ എന്നീ വമ്പന്‍ താരങ്ങളെ ആദ്യ വട്ടം സ്വന്തമാക്കാന്‍ ആരും തയ്യാറായില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോഴാണ് ഹാഷിം അംല പുറന്തള്ളപ്പെട്ടതെന്നത് ശ്രദ്ധേയമായി.