2013 ഏപ്രിൽ 23 തീയതി നാല് മണി, ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആ മത്സരം കാണാൻ എത്തുമ്പോൾ ആരാധകർ അറിഞ്ഞിരുന്നില്ല അവർ സാക്ഷികൾ ആകാൻ പോകുന്നത് ഐപിഎലിലെ എക്കാലത്തെയും മികച്ച ബാറ്റിംഗ് പ്രകടനത്തിനാണെന്ന്. ടോസ് നേടിയ പൂണെ വാരിയേർസ് ഇന്ത്യ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയച്ച തീരുമാനം തെറ്റിയോ എന്ന് ചോദ്യം ചെയ്യുകയായിരുന്നു ഗെയ്ൽ.
ബാംഗ്ലൂർ ബാറ്റിംഗ് അവസാനിച്ചപ്പോൾ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 263 റൺസ്. ഓപ്പണിങ് ഇറങ്ങിയ ഗെയ്ൽ 66 പന്തിൽ പുറത്താകാതെ നേടിയത് 175 റൺസ്. 13 ഫോറും 17 സിക്സും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്സ്. ഐപിഎലിൽ ഇപ്പോഴും ഉയർന്ന വ്യക്തിഗത സ്കോർ ഗെയ്‌ലിന്റെ പേരിലാണ്. അത് കൂടാതെയും മറ്റനവധി റെക്കോർഡുകൾ ആ മത്സരത്തിൽ പിറന്നു.
30 പന്തിൽ സെഞ്ച്വറി തികച്ച ഗെയ്ലിനെക്കാൾ വേഗത്തിൽ ഇത് വരെ മറ്റാരും സെഞ്ച്വറി തികച്ചിട്ടില്ല. ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയത് ഇപ്പോഴും 17 സിക്സ് നേടിയ ഗെയ്‌ലിന്റെ പേരിലാണ്. ഐപിഎലിലെ ഉയർന്ന ടീം ടോട്ടലും അന്നത്തെ മത്സരത്തിൽ പിറന്നു. എന്നാൽ കഴിഞ്ഞ വർഷം നടന്ന ഹൈദരാബാദ് രണ്ട് തവണ ഈ സ്കോർ മറികടന്നിരുന്നു.
12 വർഷം കഴിഞ്ഞുവെങ്കിലും ഈ റെക്കോർഡ് ആരും തകർക്കുമെന്ന് ആരാധകരും വിശ്വസിക്കുന്നില്ല. യൂണിവേഴ്‌സ് ബോസ് എന്ന് ആരാധർക്ക് ഇടയിൽ വിളിപ്പേരുള്ള ക്രിസ് ഗെയ്ൽ അതെ മത്സരത്തിൽ രണ്ട് വിക്കറ്റുകളും നേടിയിരുന്നു. മത്സര ഫലത്തിലേക്ക് വരുമ്പോൾ ബാംഗ്ലൂർ നേടിയ 263 റൺസ് പിന്തുടർന്ന് ഇറങ്ങിയ പുണെയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് മാത്രേ നേടാൻ സാധിച്ചിരുന്നൊള്ളു. ക്രിസ് ഗെയ്ൽ ആയിരുന്നു കളിയിലെ താരം.