പണക്കൊഴുപ്പില്‍ വീണ്ടും അമ്പരപ്പിച്ച് ഐപിഎല്‍: കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണയും വമ്പന്‍ പണമൊഴുകും. അടുത്ത ദിവസങ്ങളിലായി നടക്കുന്ന താരലേലത്തില്‍ കളിക്കാരെ ടീമിലെത്തിക്കാന്‍ മാത്രം എട്ട് ടീമുകല്‍ ചെലവാക്കുക 640 കോടി രൂപ. 480 കോടി മുതല്‍ 640 കോടി രുപവരെ ഇത്തവണ മൊത്തം ടീമുകള്‍ താരങ്ങള്‍ക്കായി മാത്രം ചെലവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ഒരു ടീമിന് 66 കോടി രൂപയായിരുന്ന താരങ്ങള്‍ക്കായി ചെലവാക്കാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍, ഈ വര്‍ഷത്തെ ഐപിഎല്ലിന് ഇത് 80 കോടിയായി ഉയര്‍ത്തി. ഐപിഎല്‍ ഗവേണിങ് ബോഡിയാണ് തുക ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. ഇത് അടുത്ത വര്‍ഷം 82 കോടിയും തൊട്ടടുത്ത വര്‍ഷം 85 കോടിയുമാകും.

ഈവര്‍ഷം ചെലവഴിക്കാനുള്ള 80 കോടി നിനിര്‍ത്തുന്ന താരങ്ങള്‍ക്ക് കൊടുക്കുന്ന പ്രതിഫലം അടക്കമാണ്. ചില ടീമുകളെ അപേക്ഷിച്ച് മൊത്തം തുകയുടെ 50 ശതമാനത്തോളം നിലനിര്‍ത്തുന്ന താരങ്ങള്‍ക്ക് മാത്രമായി ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അതേസമയം, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കാണ് താരലേലത്തിന് കൂടുതല്‍ തുക കൈവശമുള്ളത്. മികച്ച താരങ്ങളെ നിലനിര്‍ത്തിയെങ്കിലും 67.5 കോടി രൂപയാണ് ഇവര്‍ക്ക് താരലേലത്തിന് കൈവശമുള്ള തുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 59ഉം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 49ഉം ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നിവര്‍ക്ക് 47ഉം കോടി രൂപയാണ് ഇനി താരലേലത്തിന് കയ്യിലുള്ള പണം.