അവസാന പന്ത് എറിയുന്നതിന് മുന്‍പ് ഒരു മത്സരം ജയിച്ചെന്ന് ഉറപ്പിച്ച് നിങ്ങള്‍ക്ക് ചിരി തുടങ്ങാം. പക്ഷേ മറുവശത്ത് രാഹുല്‍ തെവാട്ടിയയ എന്ന് പ്രവചനാതീതനായ കളിക്കാരനാണെങ്കില്‍ ആ ചിരി നിരാശയിലേക്ക് മാറാന്‍ നിമിഷങ്ങള്‍ മാത്രം മതി.
മൂന്നു പന്തുകള്‍ മാത്രം ശേഷിക്കെ ആ മത്സരവും ഒരു സാധാരണ മത്സരം പോലെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതായിരുന്നു.എന്നാല്‍ ഒഡേന്‍ സ്മിത്ത് കാണിച്ച ഒരു മണ്ടത്തരം രാഹുല്‍ തെവാട്ടിയ എന്ന എഴുതിത്തള്ളപ്പെട്ട ജിന്നിന് കൈ നീട്ടി നല്‍കിയത് മറ്റൊരത്ഭുതം കൂടി സൃഷ്ടിക്കാനുള്ള അവസരമായിരുന്നു.
അവസാന 2 പന്തില്‍ 12 റണ്‍സ് വേണമെന്നിരിക്കെ പലരും ഓര്‍ത്തു കാണുക രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷാര്‍ജയില്‍ അതേ പഞ്ചാബ് ടീമിനെതിരെ ശൂന്യതയില്‍നിന്നും തേവാട്ടിയ കാണിച്ച് അത്ഭുതമായിരിക്കും.സ്മിത്തിന്റെ അഞ്ചാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ തൊട്ടൂ തൊട്ടില്ല എന്ന മട്ടില്‍ ബൗണ്ടറി ലൈന്‍ കടക്കുമ്പോള്‍ അത് ഒരു സൂചനയായിരുന്നു. ഒടുവില്‍ അവസാന പന്ത് ലെഗ് സൈഡിലേക്ക് പറത്തുമ്പോള്‍ മൈതാനം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രാഹുല്‍ തെവാട്ടിയ അവിടെ അസാധ്യമായ കാര്യങ്ങള്‍ സാധ്യമാക്കുന്ന അത്ഭുത മനുഷ്യനായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയായിരുന്നു.
ഐപിഎല്‍ ല്‍ രണ്ടാംതവണയും അവസാന പന്തില്‍ സിക്‌സര്‍ അടിച്ച മത്സരം അവസാനിപ്പിച്ച് പെരുമഴയാണ് അയാള്‍ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അവസാന ഓവറിന്റെ ആദ്യം തന്നെ പുറത്തായപ്പോള്‍ മത്സരം ഗുജറാത്ത് അടിയറവച്ചുവെന്ന് കരുതപെട്ടതായിരുന്നു. അവസാന ഓവറില്‍ 19 റണ്‍സ് വേണമെന്നിരിക്കെ ആദ്യ നാല് പന്തിലും 7 റണ്‍സ് മാത്രം നല്‍കിയ സ്മിത്ത് ടീമിന് വിജയം സാധ്യമാക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. നാലാമത്തെ പന്തില്‍ യാതൊരു കാര്യവുമില്ലാതെ അനാവശ്യമായി ത്രോ വഴങ്ങിയ സ്മിത്ത് അവിടെ കുറ്റവാളി ആവുകയായിരുന്നു. വിജയിച്ച മത്സരത്തെ സൂപ്പര്‍ ഓവര്‍ സാധ്യതപോലും ഇല്ലാതാക്കിയ അയാളുടെ പിഴവില്‍ മത്സരത്തില്‍ 3 പന്തുകള്‍ മാത്രം നേരിട്ട രാഹുല്‍തെവാട്ടിയ സൂപ്പര്‍ഹീറോ ആവുകയായിരുന്നു.
മൂന്നു പന്തില്‍ 13 റണ്‍സ്. കളിച്ച മൂന്ന് കളികളില്‍ മൂന്നു ജയം എന്ന തലത്തിലേക്ക് അയാള്‍ ഗുജറാത്തിനെ ഉയര്‍ത്തുകയായിരുന്നു. കഴിഞ്ഞതവണ ഷാര്‍ജയില്‍ എതിര്‍ ടീം നായകന്‍ മയങ്ക് അഗര്‍വാളിന്റെ സെഞ്ചുറി നിഷ്പ്രഭമാക്കിയ തെവാട്ടിയ ഇക്കുറി തന്റെ ടീമിലെ ഓപ്പണര്‍ ആയ ശുഭ്മാന്‍ ഗില്ലിന്റെ 59 പന്തില്‍ 96 റണ്‍സിന്റ മനോഹരമായ ഇന്നിംഗ്‌സിനെ മറവിയിലേക്ക് തള്ളിയിടുകയായിരുന്നു.
അവിശ്വസനീയതയുടെ മറുവാക്കായി മാറിയ തൈവാട്ടിയ ചെയ്തതെന്തെന്ന് ഗുജറാത്ത് നായകന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമായിരുന്നു. വിജയങ്ങളെ എന്നും ആഘോഷിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ സ്റ്റേഡിയം ഇളകി മറയുമ്പോള്‍ തലയില്‍ കൈ വച്ചിരിക്കുകയായിരുന്നു.
ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. അവിടെ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല. എഴുതിത്തള്ളല്‍ നിങ്ങളെ നോക്കി എപ്പോള്‍ വേണമെങ്കിലും ചിരിക്കാം. തെവാട്ടിയ ഒരു പ്രതീക്ഷയാണ്. അതിനേക്കാളേറെ എന്തും സാധിക്കും എന്നതിന്റെ നേര്‍രൂപവും. ജാവേദ് മിയാന്‍ദാദിനേയും മഹേന്ദ്രസിംഗ് ധോണിയേയും കടത്തിവെട്ടുന്ന ഒരു കടന്നാക്രമണമായിരുന്നു അയാള്‍ നടത്തിയത്. അയാള്‍ക്ക് നേരെ അവസാന പന്തുകള്‍ എറിയുന്ന ബൗളര്‍മാരുടെ ഹൃദയമിടിപ്പുകള്‍ ഇനിയും കൂടിയേക്കാം.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍