ഇര്‍ഫാന്‍ പത്താന്‍ കേരള ക്രിക്കറ്റ് ടീമിലേക്ക്

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ ചില നിര്‍ണായക തീരുമാനങ്ങളുമായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. രഞ്ജിയില്‍ അടുത്ത സീസണ്‍ മുതല്‍ ബറോഡ ക്രിക്കറ്റ് ടീമിനായി കളിക്കേണ്ടെന്നാണ് ഇര്‍ഫാന്റെ തീരുമാനം. മറ്റുടീമുകള്‍ക്കായി കളിക്കാന്‍ എന്‍ഓസി നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്താന്‍ ബറോഡ ക്രിക്കറ്റ് അസാസിയേഷന് അപേക്ഷ നല്‍കി.

കേരളം ഉള്‍പ്പെടെ ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇര്‍ഫാന്‍ പത്താന് പിന്നാലെയുണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം കേരളത്തെയും ക്രിക്കറ്റ് താരങ്ങളെയും പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍ രംഗത്ത വന്നിരുന്നു.

ഇര്‍ഫാനെ കേരള ജഴ്‌സി അണിഞ്ഞാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി ഇര്‍ഫാന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബറോഡ ടീമില്‍ നിന്നും കടുത്ത അവഗണനായാണ് ഈ മുന്‍ ഇന്ത്യന്‍ താരം നേരിടുന്നത്.

രഞ്ജിയുടെ തുടക്കത്തില്‍ നായകനായ ബറോഡ ടീമിനെ നയിച്ച ഇര്‍ഫാനെ രണ്ട് മത്സരങ്ങള്‍ക്കിപ്പുറം പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് സയിദ് മുഷ്താഖ് അലി ട്രോഫിയിലും ഓള്‍റൗണ്ടര്‍ക്ക് അവസരം നല്‍കിയിരുന്നില്ല.

നേരത്തെ കേരളത്തെയും മലയാളികളേയും പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ രംഗത്ത് വന്നിരുന്നു. സ്വകാര്യ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇര്‍ഫാന്‍ മലയാളികളേയും കേരളത്തേയും പ്രശംസകൊണ്ട് മൂടിയത്.

Read more

കേരളത്തിലെ ഗ്രാമീണര്‍ പോലും തന്നെ തിരിച്ചറിഞ്ഞെന്നും അത് അത്ഭുതപ്പെടുത്തിയതായും ഇര്‍ഫാന്‍ പറയുന്നു. ലോകത്തെ പലയിടത്തും താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതില്‍ നിന്നും തനിക്ക് മനസ്സിലായത് മലയാളികള്‍ ഈഗോ വളരെ കുറവാണെന്നും മറ്റുളളവരെ സഹായിക്കാന്‍ അവര്‍ ഓടിയെത്തുമെന്നും ഇര്‍ഫാന്‍ അന്ന് പറഞ്ഞിരുന്നു.