ഇര്‍ഫാന്‍ പത്താന്‍ പരിശീലകനാകുന്നു

പരിക്കും മോശം ഫോമും തിരിച്ചടിയാകുന്ന ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ജമ്മു കാശ്മീര്‍ ക്രിക്കറ്റ് ടീം പരിശീലകനാകുന്നു. അടുത്ത മൂന്ന് സീസണുകളില്‍ ജമ്മു കാശ്മീര്‍ ടീമിന്റെ കളിക്കാരനും പരിശീലകനുമാകുന്ന (പ്ലെയര്‍ കം മെന്റര്‍) സ്ഥാനമാണ് നല്‍കുക. ഇതുസംബന്ധിച്ച് ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ജെകെസിഎ) പ്രതിനിധി ഇര്‍ഫാനുമായി കൂടിക്കാഴ്ച നടത്തി. ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിനെയും ടീമിന്റെ പരിശീലകനാന്‍ ജമ്മു കാശ്മീര്‍ ക്ഷണിച്ചിരുന്നു.

ജെകെസിഎ സിഇഒ ആശിഖ് അലി ബുഖാരി ഇര്‍ഫാനെ സമീപിച്ച കാര്യം സ്ഥിരീകരിച്ചു. പ്രഫഷണല്‍ കളിക്കാരനെയാണ് തങ്ങള്‍ നോക്കുന്നതെന്നും ഇര്‍ഫാന്‍ അതിന് യോജിച്ച താരമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഇര്‍ഫാന്റെ കീഴില്‍ ജമ്മു കാശ്മീര്‍ താരങ്ങള്‍ക്ക് വളരാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെലക്ഷന്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഇര്‍ഫാനും ബറോഡ ടീം മാനേജ്‌മെന്റും തമ്മില്‍ ഉടക്കിലാണെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. താരത്തിന് ആഭ്യന്തര മത്സരത്തില്‍ കളിക്കാനുള്ള അവസരം ഇതോടെ കുറയുകയും ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ മങ്ങിയിരുന്നു. അതേസമയം, ജമ്മു കാശ്മീര്‍ ടീമില്‍ കളിക്കാനുള്ള നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായ പത്താന്‍ ബറോഡ ടീമിനെ സമീപിച്ചരുന്നു.

ബറോഡയില്‍ നിന്നും എന്‍ഒടി ലഭിച്ചിട്ടുണ്ടെന്നും ജമ്മു ക്രിക്കറ്റ് അസോസിയേഷന്‍ ഓഫര്‍ മികച്ചതാണെന്നും ടീമില്‍ ചേരുമോ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം പറയുമെന്നും ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.