വിരമിക്കലിൽ നിന്ന് പുറത്തുവരാൻ ഒരുങ്ങി കോഹ്‌ലി? ആ ടൂർണമെന്റിൽ ചിലപ്പോൾ നിങ്ങൾക്ക് അത് കാണാൻ സാധിക്കും; ആവേശത്തിൽ ആരാധകർ, നിർണായക പ്രഖ്യാപനവുമായി താരം

2024-ൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ വിജയിച്ചതിന് ശേഷം വിരാട് കോഹ്‌ലി ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ ലോസ് ഏഞ്ചൽസ് ആതിഥേയത്വം വഹിക്കുന്ന 2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയ സാഹചര്യത്തിൽ അവിടെ ഇന്ത്യക്ക് സ്വർണ മെഡൽ നേടാനുള്ള സാധ്യത കൂടുതൽ ആണ്. അതിനാൽ തന്നെ കോഹ്‌ലിയും രോഹിതും ഒളിമ്പിക്സിൽ ഉണ്ടാകണം എന്ന ആവശ്യം ശക്തമാണ്. ഇപ്പോഴിതാ ഒളിമ്പിക്സിൽ കളിക്കാൻ വിരമിക്കലിൽ നിന്ന് പുറത്തുവരാനുള്ള സാധ്യതയെക്കുറിച്ചും കോഹ്‌ലി തുറന്നു പറഞ്ഞിരിക്കുകയാണ്.

ശനിയാഴ്ച നടന്ന ആർ‌സി‌ബി ഇന്നൊവേഷൻ ലാബ് ഇന്ത്യൻ സ്‌പോർട്‌സ് ഉച്ചകോടിയിൽ സംസാരിക്കവേ, 2028 ഒളിമ്പിക്‌സിനായുള്ള തന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു. രോഹിതും രവീന്ദ്ര ജഡേജയും കോഹ്‌ലിയും എല്ലാവരും ഒരേ ദിവസമാണ് വിരമിക്കൽ പ്രഖ്യാപിച്ചത് എന്ന് ശ്രദ്ധിക്കണം.

ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം താൻ എന്തുചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു. “വിരമിച്ച ശേഷം ഞാൻ എന്തുചെയ്യുമെന്ന് എനിക്കറിയില്ല. എന്റെ സഹതാരങ്ങളിൽ ഒരാളോട് ഞാൻ ഇതേ ചോദ്യം ചോദിച്ചു, അവനും ഒന്നും അറിയില്ലായിരുന്നു. ധാരാളം യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്, ”വിരാട് കോഹ്‌ലി പറഞ്ഞു.

മുൻ ക്രിക്കറ്റ് താരം ഇസ ഗുഹആണ് കോഹ്‌ലിയുമായി അഭിമുഖം നടത്തിയത്. 100 വർഷത്തിലേറെയായി ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമല്ല. എന്തായാലും കോഹ്‌ലിയുടെ വാക്കുകൾ ഇങ്ങനെ

“ഞാൻ വിരമിക്കലിൽ നിന്ന് പുറത്തുവരുന്നില്ല, പക്ഷേ ഒളിമ്പിക്സിന് വേണ്ടി ചിലപ്പോൾ മടങ്ങി വന്നേക്കാം. നമ്മൾ ഫൈനലിൽ എത്തിയാൽ, ഒരു മത്സരത്തിനായി ഞാൻ തിരിച്ചെത്തി സ്വർണ്ണ മെഡൽ നേടി വീട്ടിലേക്ക് മടങ്ങും. ഒളിമ്പിക് ചാമ്പ്യനാകുന്നത് ഒരു മഹത്തായ അനുഭവമായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വന്നാൽ ആർസിബി ആദ്യ മത്സരത്തിൽ കൊൽക്കത്തയെ നേരിടും.