അവന്‍ മിന്നിയാല്‍ പിന്നെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, ബുംറയെ പിടിച്ചുകെട്ടാനായിരിക്കും എല്ലാവരും ശ്രമിക്കുക, തുറന്നുപറഞ്ഞ് മുന്‍ താരം

ഐപിഎല്‍ ആരവങ്ങള്‍ കഴിഞ്ഞ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കാവും ഇന്ത്യന്‍ ടീം ഒരുങ്ങുക. അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുക. ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിന് പിന്നാലെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏറ്റുമുട്ടുക. പേസ് ബോളര്‍ ജസ്പ്രീത് ബുംറ പരിക്ക് മാറി ഐപിഎലില്‍ കളിക്കാനിറങ്ങിയത് ഇന്ത്യന്‍ ടീമിന് ആശ്വാസമുണ്ടാക്കിയിട്ടുണ്ട്. സൂപ്പര്‍ താരത്തിന്റെ ഫോം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് നിര്‍ണായകമാവും. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ശ്രദ്ധേയ പ്രകടനമാണ് ബുംറ കാഴ്ചവച്ചത്. ബോളിങ്ങിലും ക്യാപ്റ്റന്‍സിയിലും ബുംറ തിളങ്ങിയതോടെയാണ് ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യക്ക് സാധിച്ചത്.

അതേസമയം ഇംഗ്ലണ്ട് പരമ്പരയില്‍ ജസ്പ്രീത് ബുംറയുടെ ഫോം കാര്യങ്ങള്‍ നിയന്ത്രിക്കുമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഇസ ഗുഹ. “ഇംഗ്ലണ്ടിന് ബുംറയെ കൈകാര്യം ചെയ്യേണ്ടിവരും. അത് ആദ്യത്തെ രണ്ടോ മൂന്നോ ടെസ്റ്റുകള്‍ എങ്ങനെ പോകുന്നു, മറ്റ് ബോളര്‍മാര്‍ എങ്ങനെ പ്രകടനം നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. മറ്റ് ബോളര്‍മാര്‍ അദ്ദേഹത്തില്‍ നിന്നുളള സമ്മര്‍ദം കുറയ്ക്കാന്‍ മുന്നിട്ടിറങ്ങുക എന്നതാണ് പ്രധാനം. അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. അതിനാല്‍ ഗെയിമുകളില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് ഒരു വഴി കണ്ടെത്താനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അദ്ദേഹം ഒരു ഇംപാക്ട് പ്ലെയറാണ്.

ബോളിങ് കാഴ്ചപ്പാട് അവരെ നയിക്കുന്നത് ഒരാളാണ്. അതിനാല്‍ ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ്‌ നിര്‍ണായകമാകും. ബോളിങ് ഗ്രൂപ്പിന് ഒരുമിച്ച് പ്രകടനം നടത്താന്‍ കഴിയേണ്ടത് പ്രധാനമാണ്. ഇംഗ്ലീഷ് വിക്കറ്റുകളില്‍ മുഹമ്മദ് സിറാജ് പ്രധാനപ്പെട്ട ആളായിരിക്കും. പ്രത്യേകിച്ച് അദ്ദേഹം എറിയുന്ന ലെംഗ്തും ഷമിയുടെ ഫിറ്റ്‌നസും വളരെ പ്രധാനമാണ്. അവര്‍ക്ക് തീര്‍ച്ചയായും മത്സരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. ഇത് തീര്‍ച്ചയായും കാണാന്‍ രസകരമായ ഒരു പരമ്പരയായിരിക്കും, ഇസ ഗുഹ കൂട്ടിച്ചേര്‍ത്തു.

Read more