സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി ഐപിഎല്ലില്‍ തന്റെ വരവറിയിച്ച താരമാണ് ഇഷാന്‍ കിഷന്‍. മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ സങ്കടമെല്ലാം തീര്‍ക്കുന്ന തരത്തിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെതിരായി കിഷന്റെ പ്രകടനം. കൂടാതെ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററായി താനും മത്സരരംഗത്തുണ്ടെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. അതേസമയം ഫോം വീണ്ടെടുത്തിട്ടും ബിസിസിഐയുടെ സെന്‍ട്രല്‍ കരാറില്‍ ഇടംപിടിക്കാന്‍ കിഷന്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ചാമ്പ്യന്‍സ് ട്രോഫി കീരിടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരെ തങ്ങളുടെ എപ്ലസ് ഗ്രേഡ് കോണ്‍ട്രാക്റ്റില്‍ തന്നെ ബിസിസിഐ നിലനിര്‍ത്താനാണ് സാധ്യത. ഏഴ് കോടി രൂപയാണ് എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ലഭിക്കുക. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര തുടങ്ങിയവരും കോഹ്ലിക്കും രോഹിതിനുമൊപ്പം ഈ കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെട്ടേക്കും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത്തവണ എറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമായ ശ്രേയസ് അയ്യരും ഒരിടവേളയ്ക്കു ശേഷം ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടും. എന്നാല്‍ ശ്രേയസ് അയ്യറിനൊപ്പം ബിസിസിഐ കോണ്‍ട്രാക്റ്റില്‍ നിന്നും ഒരേസമയം മാറ്റിനിര്‍ത്തപ്പെട്ട ഇഷാന് കിഷന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിഷനെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് വീണ്ടും ബിസിസിഐയുടെ കോണ്‍ട്രാക്റ്റ് ലഭിക്കാന്‍ ചാന്‍സുണ്ട്. അതേസമയം ടി20 ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച അക്‌സര്‍ പട്ടേല്‍ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാനുളള സാധ്യത കൂടുതലാണ്. അക്‌സറിന് പുറമെ സമീപകാലത്തായി ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ്മ തുടങ്ങിയവര്‍ക്കും അവരുടെ ആദ്യ കോണ്‍ട്രാക്റ്റ് ലഭിക്കാനും സാധ്യതകള്‍ ഏറെയാണ്.