കൊച്ചി കോര്‍പ്പറേഷണും ജിസിഡിഎയും ചേര്‍ന്ന് ബ്ലാസ്റ്റേഴ്‌സിനെ സഹിക്കുന്നതിലും അപ്പുറം ചൂഷണം ചെയ്യുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ബ്ലാസ്റ്റേഴ്സ് സിഇഒ വിരേന്‍ ഡിസില്‍വ കൊച്ചി ഭരണാധികാരികള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
ജിസിഡിഎയുടെയും കൊച്ചിന്‍ കോര്‍പ്പറേഷന്റെയും ശത്രുതാപരമായ നിലപാടുകളാണ് ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തിന്റെ അടിസ്ഥാനസൗകര്യങ്ങളൊന്നും മെച്ചപ്പെടുത്താതെ ഓരോ തവണയും പുതിയ പുതിയ തടസ്സങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ഉന്നയിക്കുന്ന ആരോപണങ്ങള്‍
സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് ജിസിഡിഎ അല്ല. മറിച്ച് ബ്ലാസ്റ്റേഴ്‌സാണ്. ഐഎസ്എല്‍ ആറാം സീസണ്‍ തുടങ്ങുന്നതിനു മുമ്പ് സ്റ്റേഡിയത്തിലെ അവസ്ഥ ദയനീയമായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങള്‍. പൊടിപിടിച്ച ശുചിമുറികള്‍. വെള്ളം വരാത്ത ടാപ്പുകള്‍. ചലിക്കാത്ത ലിഫ്റ്റുകള്‍. വിള്ളല്‍ വീണ റാമ്പുകള്‍ അങ്ങനെ പരിമിതികളുടെ നടുവില്‍ ഫ്ളഡ് ലൈറ്റിന്റെ കാലുകള്‍ തുരുമ്പെടുത്തിരുന്നു. ഫയര്‍ റെസ്‌ക്യൂ ഉപകരണങ്ങളെല്ലാം തന്നെ ഉപയോഗശൂന്യമായിരുന്നുവത്രെ.
ഇതെല്ലാം കോടികള്‍ ചെലവഴിച്ച് ബ്ലാസ്‌റ്റേഴ്‌സ് നന്നാക്കിയെടുത്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ അഞ്ചു ലക്ഷം രൂപയാണ് നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ ആറു ലക്ഷം രൂപയാണ് വാടകയായി ആവശ്യപ്പെട്ടത്.
അഞ്ചാം സീസണിന്റെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് ജിസിഡിഎയ്ക്കു നല്‍കിയത് ഒരു കോടി രൂപയാണ്. അതു കൂടാതെയാണ് അഞ്ചു ലക്ഷം രൂപ വാടക. എല്ലാവിധ നവീകരണപ്രവര്‍ത്തനങ്ങളും നടത്തിയത് ബ്ലാസ്റ്റേഴ്സാണ്. ഇലക്ട്രിക്കല്‍, പ്ലമ്പിംഗ് ജോലികളെല്ലാം. ഇങ്ങനെ തുടങ്ങിയാല്‍ തങ്ങള്‍ക്ക് കേരളം വിട്ടു പോകുകയേ നിവൃത്തിയുള്ളൂ. അതുകൊണ്ടാണ് ഈ സീസണോടെ കേരളം വിടാന്‍ തീരുമാനിച്ചതത്രെ.
സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഈ വര്‍ഷം മാത്രം കേരള ബ്ലാസ്റ്റേഴ്സ് മുടക്കിയത് 2.2 കോടി രൂപയാണ്. മറ്റു ക്ലബ്ബുകള്‍ക്ക് ഈ തുക നല്‍കേണ്ടതില്ല. കാരണം അവിടങ്ങളിലുള്ള സ്റ്റേഡിയങ്ങള്‍ നന്നായി പരിപാലിക്കപ്പെടുന്നുണ്ട്. എല്ലാ വര്‍ഷവും ഇതുപോലെ ചെലവു വരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലിനും അറ്റകുറ്റപ്പണികള്‍ക്കുമായി 86 ലക്ഷം രൂപയാണ് ഈ സീസണില്‍ മുടക്കിയത്.
ടര്‍ഫ് പരിപാലനത്തിനായി 50 ലക്ഷം രൂപയും മുടക്കി. സ്റ്റേഡിയത്തിന്റെ വാടകയിനത്തില്‍ 45 ലക്ഷമാണ് കഴിഞ്ഞ വര്‍ഷം മുടക്കിയതെങ്കില്‍ ഇത്തവണ അത് 54 ലക്ഷമാകും. ഇതുകൂടാതെ ഡെപ്പോസിറ്റ് ഇനത്തില്‍ വേറെ ഒരു 10 ലക്ഷം രൂപ നല്‍കണം. ഈ തുക തിരിച്ചു നല്‍കേണ്ടതാണ്. എന്നാല്‍, അങ്ങനെയൊരിക്കല്‍ പോലും സംഭവിച്ചിട്ടില്ലെന്ന് സിഇഒ പറയുന്നു.
ഇതാണ് നല്ല താരങ്ങളെ ബ്ലാസ്റ്റേഴ്‌സിലെത്തിക്കാന്‍ പോലും കേരള ടീമിന് കഴിയാത്തതത്രെ. ഈ പ്രതിസന്ധി അതിജീവിക്കാന്‍ കേരളം വിട്ട് പോകുകയേ നിവൃത്തിയുളളുവെന്നും സിഇഒ പറയുന്നു.