അമൽ ഓച്ചിറ
ഗുജറാത്ത് നായകൻ ഹാർദിക് പാണ്ട്യയുടെ ഒരു പന്ത് ഇൻസൈട് എഡ്ജ് ആയി ഓഫ് സ്റ്റമ്പിനെ ഉരുമ്മി ബൗണ്ടറിയിലേക്ക് പായുമ്പോൾ ആർത്തലക്കുന്നൊരു ബാറ്റ്സ്മാനെ വീക്ഷിക്കുകയാണ് വാങ്കടെ. ക്രിക്കറ്റ് മൈതാനങ്ങളെ തന്റെ ഇംഗ്ലീഷ് വില്ലോ കൊണ്ട് ആർത്തലക്കാൻ വിടുന്ന, ഒരിക്കലും മടുക്കാത്ത കാഴ്ചയെ ആസ്വദിക്കാൻ ക്രിക്കറ്റ് ലോകം കണ്ണ് നട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായെന്ന് ആരെക്കാളും ബോധ്യമുള്ള പരാജയങ്ങളിൽ അങ്ങേയറ്റം നിരാശനാകുന്ന വിരാട് കോഹ്ലി.
കഴിഞ്ഞ ദിവസങ്ങളിൽ നിർഭാഗ്യം കൊണ്ടെന്ന പോലെ തന്റെ പിഴവുകളിൽ നേരിടുന്ന ആദ്യ പന്തിൽ മടങ്ങുന്ന നിസ്സഹായന്റെ പുഞ്ചിരി മൈതാനത്തിന് സമ്മാനിച്ചു പോകുന്ന, ആകാശത്തേക്ക് ഇരു കരങ്ങളും ഉയർത്തി നിരാശയോടെ മടങ്ങുന്ന വിരാട് കോഹ്ലി നൊമ്പരപെടുത്താത്ത ക്രിക്കറ്റ് ആരാധകരേയുണ്ടാവില്ല.
അവർക്ക് വേണ്ടി അയാളിതാ ഒന്നും അവസാനിച്ചിട്ടില്ലെന്നും തന്റെ നാക്കിനെയയും ബാറ്റിനെയും ഒരുപാട് കാലമൊന്നും നിശബ്ദനാക്കാനാവില്ലെന്നും ക്രിക്കറ്റ് മൈതാനങ്ങളെ ബോധ്യപ്പെടുത്തുന്നു. റാഷിദ് ഖാനെ അയാൾ തന്റെ ബോട്ടം ഹാൻഡിൽ ബൗണ്ടറിക്ക് മുകളിലൂടെ പായിക്കുമ്പോഴും കവറിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് പന്തിനെ പായിക്കുന്ന തന്റെ സിഗ്നേച്ചർ ഷോട്ട് പ്രദർശനത്തിന് വെക്കുമ്പോഴും ആ പഴയ വിരാട് കോഹ്ലിയെ നഷ്ടപ്പെട്ടിട്ടില്ല എന്നയാൾ അയാളെ തന്നെ ബോധ്യപ്പെടുത്തുകയാണ്.
മൂന്ന് വർഷം മുന്നേ വാങ്കടെയിൽ വില്യംസിനെയും വെസ്റ്റ് ഇൻഡീസിനെയും ചാരമാക്കിയ വിരാട് കോഹ്ലിയെ ഓർമപ്പെടുത്തുകയാണ്. റാഷിദ് ഖാന് മുന്നിൽ കീഴടങ്ങി മടങ്ങുമ്പോൾ എത്ര കാലത്തെ ഭാരമാണ് താൻ ഇറക്കി വെച്ചതെന്ന ഭാവത്തോടെ മടങ്ങുന്ന കോഹ്ലിയെ അല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത്. റൺമല കീഴടക്കി പുറത്താകുമ്പോഴും നിരാശനാകുന്ന, മത്സരം ഫിനിഷ് ചെയ്ത് മാത്രം മടങ്ങുന്ന കിംഗ് കോഹ്ലിയാണ് ഞങ്ങളുടെ മനസിൽ ആ പഴയ കാലത്തേക്കുള്ള, ക്രിക്കറ്റ് മൈതാനങ്ങളുടെ ഉന്മാദിയായ കാമുകൻ വിരാട് കോഹ്ലിയിലേക്കുള്ള യാത്രയുടെ തുടക്കമാണ് ഇതെന്ന് വിശ്വസിക്കുകയാണ് പ്രീയ വിരാട് ഞങ്ങൾ.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ