കുറേ ഇന്ത്യൻ ആരാധകർ അർഷ്ദീപിൻ്റെ അച്ഛനമ്മമാരെ തെറി വിളിക്കുന്നു. മാൻ ഓഫ് ദ മാച്ച് അർഷ്ദീപ് ആണെന്ന് ചില പാക് ഫാൻസ് പരിഹസിക്കുന്നു. ചിലർ ഒരു പടി കൂടി കടന്ന് പഞ്ചാബി ബോളറെ ഖാലിസ്ഥാനി എന്ന് വിശേഷിപ്പിക്കുന്നു!
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ഏഷ്യാകപ്പ് മത്സരത്തിൽ പാക് ബാറ്ററായ ആസിഫ് അലി നൽകിയ അനായാസമായ ക്യാച്ച് അവസരം അർഷ്ദീപ് പാഴാക്കിയിരുന്നു. അത് മുതലെടുത്ത പച്ചപ്പട കളി ജയിക്കുകയും ചെയ്തു. ഇപ്പോൾ അർഷ്ദീപിനെതിരെ സൈബർ ആക്രമണം പൊടിപൊടിക്കുകയാണ്. വരാൻ പോകുന്ന മണിക്കൂറുകളിൽ അതിൻ്റെ തീവ്രത വർദ്ധിക്കാനേ സാദ്ധ്യതയുള്ളൂ.
ഇതെല്ലാം കണ്ടപ്പോൾ ഒരു കാര്യം ഞെട്ടലോടെ ഓർത്തു. ആ ക്യാച്ച് കൈവിട്ടത് ആവേശ് ഖാൻ ആയിരുന്നുവെങ്കിലോ!? പാക് ചാരൻ എന്ന വിളി അയാൾ കേൾക്കേണ്ടിവരുമായിരുന്നില്ലേ? കഴിഞ്ഞ ടി-20 ലോകകപ്പിൻ്റെ സമയത്ത് മൊഹമ്മദ് ഷമി നേരിട്ട അതേ വിളി! ഇന്ത്യയിലെ അസഹിഷ്ണുത ദിനംപ്രതി ശക്തി പ്രാപിക്കുകയാണ്. നാം അതിൻ്റെ ഭാഗമാകരുത്. സ്നേഹം പ്രചരിപ്പിക്കുക എന്ന ദൗത്യം നമുക്കുണ്ട്.
ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങൾക്ക് ഒരു യുദ്ധത്തിൻ്റെ പ്രതീതിയാണ് മീഡിയ നൽകുന്നത്. ആ വേദിയിൽ പിഴവുകൾ വരുത്തുന്ന കളിക്കാർക്ക് ജീവിതകാലം മുഴുവനും അതിൻ്റെ ഭാരം പേറേണ്ടിവരും.
ചേതൻ ശർമ്മ എന്ന ഇന്ത്യൻ ബോളർ അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധേയമായ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ ‘ജാവേദ് മിയാൻദാദിന് സിക്സർ അടിക്കാൻ ഫുൾടോസ് എറിഞ്ഞുകൊടുത്ത വിഡ്ഢി’ എന്ന മേൽവിലാസം ഒരു മുൾക്കിരീടം പോലെ ചേതൻ്റെ തലയിൽ ഇന്നും ഇരിക്കുകയാണ്.
1996-ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പാക്കിസ്ഥാൻ ഇന്ത്യയോട് അടിയറവ് പറഞ്ഞിരുന്നു. അന്ന് പാക് ഇതിഹാസമായ വസീം അക്രത്തിന് ജന്മനഗരത്തിൽനിന്ന് കുറച്ചുനാൾ അകന്നുനിൽക്കേണ്ടിവന്നു. അതിനെക്കുറിച്ച് അക്രം പറഞ്ഞത് ഇങ്ങനെ- ”ഇതൊരു കളി മാത്രമാണ്. ഒരു ടീം ജയിക്കും. മറ്റേ ടീം തോൽക്കും. അതിൻ്റെ പേരിൽ ജന്മനാട്ടിലേയ്ക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുക എന്ന അവസ്ഥ ഭീകരമാണ്…!”
ആരാധകരുടെ ഭ്രാന്തമായ ആവേശം സ്പോർട്സ് താരത്തിൻ്റെ ജീവൻ അപഹരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ലോകകപ്പിൽ ഒരു സെൽഫ് ഗോൾ അടിച്ചു എന്ന ‘കുറ്റത്തിന് ‘ കൊളംബിയൻ ഡിഫൻഡർ എസ്കോബാറിനെ സ്വന്തം നാട്ടുകാർ വെടിവെച്ച് കൊന്നിരുന്നു! ആറു തവണയാണ് അക്രമികൾ എസ്കോബാറിന് നേരെ നിറയൊഴിച്ചത്. ഓരോ തവണ കാഞ്ചി വലിക്കുമ്പോഴും അവർ ”ഗോൾ” എന്ന് അലറിക്കൊണ്ടിരുന്നു! മനുഷ്യസഹജമായ ഒരു പിഴവ് ക്ഷമിക്കാനുള്ള മനസ്സ് പോലും ആ നരാധമൻമാർക്കുണ്ടായില്ല!
സ്പോർട്സിൽ അബദ്ധങ്ങൾ സ്വാഭാവികമാണ്. ഏഷ്യാകപ്പിൽ ഇന്ത്യ ജയിച്ചിരുന്നുവെങ്കിൽ പാക്കിസ്ഥാൻ്റെ ഫഖർ സമാൻ ക്രൂശിക്കപ്പെടുമായിരുന്നു. അയാളുടെ ഫീൽഡിങ്ങ് പിഴവുമൂലം ഇന്ത്യയ്ക്ക് രണ്ട് ബൗണ്ടറികൾ സൗജന്യമായി കിട്ടിയിരുന്നു. ഇന്ത്യ പരാജയപ്പെട്ടതിനാൽ പഴി അർഷ്ദീപിനായി. അടുത്ത കളിയിൽ അബദ്ധം കാട്ടുന്നത് ഒരു പാക് കളിക്കാരനായേക്കാം. ഇതെല്ലാം മാറിമാറി വരും. അതാണ് കായികരംഗം.
അത്തരം സംഭവങ്ങൾ മൈതാനത്തിൽ തന്നെ തീരണം. ഗ്രൗണ്ടിനുപുറത്തും അതിൻ്റെ അലയൊലികൾ ഉണ്ടാകരുത്. സ്പോർട്സ്മാൻ സ്പിരിറ്റ് എന്നൊരു വാക്ക് കണ്ടുപിടിച്ചിട്ടുള്ളത് വെറുതെയല്ലല്ലോ! ക്യാച്ച് ഡ്രോപ് ചെയ്തപ്പോൾ ചിരിച്ചു എന്നതിൻ്റെ പേരിലും അർഷ്ദീപ് തെറി കേൾക്കുന്നുണ്ട്. ആ ചിരിയെ ഞാൻ പോസിറ്റീവ് ആയിട്ടാണ് എടുക്കുന്നത്. ഇതിനെ ഒരു ഗെയിം ആയി കാണാൻ അർഷ്ദീപിന് കഴിയുന്നു എന്നതിൻ്റെ സൂചനയല്ലേ അത്? കളിയെ യുദ്ധമായി ചിത്രീകരിക്കുന്ന ഏർപ്പാട് എന്നെങ്കിലും അവസാനിക്കേണ്ടതല്ലേ?
അവസാന ഓവർ അർഷ്ദീപ് കിടിലനായി എറിയുകയും ചെയ്തു. അയാളുടെ ഭാവി ശോഭനമാണെന്ന് ആ യോർക്കറുകൾ വിളിച്ചുപറയുന്നുണ്ട്. ബിഷ്ണോയി കഴിഞ്ഞാൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും നന്നായി പെർഫോം ചെയ്ത ബോളറും അർഷ്ദീപായിരുന്നു.
കളി കഴിഞ്ഞപ്പോൾ ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും താരങ്ങൾ ചിരിച്ചുകൊണ്ട് പരസ്പരം ആശ്ലേഷിച്ചിരുന്നു. വാശിയോടെ കളിക്കുക ; അവസാന പന്ത് കഴിഞ്ഞാൽ കൈകൊടുത്ത് പിരിയുക-ഇതാണ് കളിക്കാരുടെ നയം. കളിപ്രേമികൾ അതിൽനിന്ന് ചിലതെല്ലാം പഠിക്കണം. വരാൻ പോകുന്ന കളികളിൽ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടതിൽ ആനന്ദിക്കാം. ഇനിയും ഇത്തരം നെയ്ൽബൈറ്ററുകൾ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം. അർഷ്ദീപ് പഞ്ചാബിൽ ജീവിക്കട്ടെ. ഖാലിസ്ഥാനി എന്ന വിശേഷണത്തിലല്ല ; അഭിമാനമുള്ള ഇന്ത്യൻ പൗരൻ എന്ന നിലയിൽ അയാൾ ജീവിക്കട്ടെ…