സെഞ്ച്വറി നേടിയെന്നത് ശരി തന്നെ, പക്ഷെ കഴിവിൽ വലിയ സംശയങ്ങൾ ബാക്കി; രോഹിത്തിന്റെ കാര്യത്തിൽ തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

കട്ടക്കിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും തുടർച്ചയായി വലിയ സ്‌കോർ നേടാനുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ കഴിവിനെ മുൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ ചോദ്യം ചെയ്തു. സമീപകാലത്തെ ഫോമിലെ തകർച്ച മറികടന്ന് രോഹിത് തൻ്റെ 32-ാം ഏകദിന സെഞ്ച്വറി നേടിയത് കഴിഞ്ഞ ദിവസമായിരുന്നു.

വെറും 76 പന്തിൽ 37-കാരൻ സെഞ്ച്വറി നേട്ടത്തിൽ എത്തി, 90 പന്തിൽ 12 ബൗണ്ടറികളും ഏഴ് സിക്‌സും ഉൾപ്പെടെ 119 റൺസ് നേടിയാണ് രോഹിത് മടങ്ങിയത് . രോഹിത് കഴിഞ്ഞ മൂന്ന് വർഷമായി ഏകദിനത്തിൽ തൻ്റെ ബാറ്റിംഗ് ശൈലി പരിഷ്കരിച്ചു, വലിയ റണ്ണുകൾ നേടുന്നതിനേക്കാൾ ഉപരി വേഗത്തിൽ റൺ സ്കോർ ചെയ്യുക എന്നതാണ് ഇപ്പോൾ രോഹിത് ഇഷ്ടപെടുന്ന കാര്യമാണ്.

രോഹിതിൻ്റെ ഫിറ്റ്‌നസ് ലെവലും ബാറ്റിംഗ് ശൈലിയും മുമ്പത്തെപ്പോലെ സ്ഥിരതയാർന്ന സെഞ്ചുറികൾ നേടുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുമെന്ന് ESPNcriinfo-യിൽ സംസാരിച്ച മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.

“രോഹിത് ശർമ്മ ഇപ്പോൾ കളിക്കുന്നത് വ്യത്യസ്‍തമായ ടെംപ്ലേറ്റിൽ ആണ്. 2019 ൽ കളിച്ചത് പോലെ രോഹിത്തിന് ഇപ്പോൾ കളിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ ആ കാര്യത്തിൽ സംശയം ഉണ്ട്. 2023 ലോകകപ്പിൽ കണ്ടത് അവന്റെ വേറെ ഒരു മോഡ് ആയിരുന്നു. എന്തായാലും ഇത് രണ്ടും ഇന്ത്യൻ ക്രിക്കറ്റിന് ഗുണം ചെയ്ത കാര്യമാണ്.”

” വലിയ ഹിറ്റുകൾ കളിച്ചാണ് ഇപ്പോൾ അവൻ സെഞ്ച്വറി അടിക്കുന്നത്. സിംഗിലും ഡബിളും ഒകെ അടിച്ചു മുന്നേറാനുള്ള ഫിറ്റ്നസ് രോഹിത്തിന് ഇല്ല. അത് അവന് നന്നായി അറിയാം. അതുകൊണ്ടാണ് അവൻ വേഗത്തിൽ കളിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

Read more