വലിയ ഇതിഹാസമൊക്കെയായിരിക്കും പക്ഷേ വാക്കുകൾ സൂക്ഷിക്കുക, സുനിൽ ഗവാസ്‌കർക്ക് അപായ സൂചന നൽകി ഇൻസമാം; സംഭവം ഇങ്ങനെ

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സുനിൽ ഗവാസ്‌കറുടെ സമീപകാല പരാമർശങ്ങൾ പുതിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. മുൻ പാകിസ്ഥാൻ ഹെഡ് കോച്ച് ജേസൺ ഗില്ലസ്പി അദ്ദേഹത്തിന്റെ പ്രസ്താവനയെ ‘അസംബന്ധം’ എന്ന് പറഞ്ഞപ്പോൾ മുൻ ക്യാപ്റ്റൻ ഇൻസമാം-ഉൾ-ഹഖും തന്റെ അതൃപ്തി പ്രകടിപ്പിച്ചു.

ഒരു പാകിസ്ഥാൻ ഷോയിൽ സംസാരിക്കവെ, സുനിൽ ഗവാസ്കർ വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണമെന്നും മറ്റ് ടീമുകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ബഹുമാനം കൊടുക്കുമ്പോൾ ഇൻസമാം-ഉൾ-ഹഖ് ആവശ്യപ്പെട്ടു. “ഗവാസ്കർ സാഹബ് സ്റ്റാറ്റുകൾ നോക്കണം. അദ്ദേഹം ഒരു മുതിർന്ന വ്യക്തിയാണ്, ഞങ്ങൾ ബഹുമാനിക്കുന്ന ഒരാളാണ്, പക്ഷേ മറ്റൊരു രാജ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ… നിങ്ങളുടെ ടീം മികച്ച പ്രകടനം കാഴ്ചവച്ചു, അവരെ പ്രശംസിക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്. എന്നിരുന്നാലും, മറ്റൊരു ടീമിനെക്കുറിച്ച് അത്തരം പ്രസ്താവനകൾ നടത്തുന്നത് ന്യായമല്ല. അൽപ്പം ഉറച്ച സ്വരത്തിലാണ് ഞാൻ ഇത് പറയുന്നത്, ദയവായി നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുക,” അദ്ദേഹം അഭിപ്രായപ്പെട്ടു.

2025 ലെ ചാമ്പ്യൻസ് ട്രോഫി ലീഗ് ഘട്ടത്തിൽ ഇന്ത്യയുടെ ബദ്ധവൈരികളായ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് ശേഷം ഇന്ത്യയുടെ ബി ടീമിന് പോലും പാകിസ്ഥാനെ വെല്ലുവിളിക്കാൻ കഴിയുമെന്ന് ഗവാസ്കർ അവകാശപ്പെട്ടു. അതേസമയം, പാകിസ്ഥാന്റെ നിലവിലെ ഫോമുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ ടീമിന്റെ ശക്തിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഗവാസ്കർ പങ്കുവെച്ചു. “ഇന്ത്യയുടെ ബാക്കപ്പ് സ്ക്വാഡിന് പോലും പാകിസ്ഥാനെ വെല്ലുവിളിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയുടെ സി ടീമിനെ സംബന്ധിച്ചിടത്തോളം, എനിക്ക് പൂർണ്ണമായും ഉറപ്പില്ല. പക്ഷേ ഒരു ബി ടീം തീർച്ചയായും അവർക്ക് കടുത്ത എതിരാളിയാകും,” അദ്ദേഹം പറഞ്ഞു.

2021 ടി 20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് ശേഷം, ഇന്ത്യ പിന്നെ നടന്ന മത്സരങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം 2022 ടി 20 ലോകകപ്പ്, 2023 ഏകദിന ലോകകപ്പ്, 2024 ടി 20 ലോകകപ്പ് എന്നിവയിൽ പാകിസ്ഥാനെതിരെ വിജയങ്ങൾ നേടി തങ്ങളുടെ ആധിപത്യം തുടർന്നു.

എന്തായാലും ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയ ഇന്ത്യ ഇനി ലക്ഷ്യമിടുന്നത് 2027 ഏകദിന ലോകകപ്പ് ആണ്.

Read more