മകനിൽ നിന്ന് വേർപിരിഞ്ഞിരിക്കുന്നതിന്റെ വേദന പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ . 11 വയസ്സുള്ള തന്റെ മകനെ രണ്ട് വർഷമായി താൻ നേരിട്ട് കണ്ടിട്ടില്ലെന്നും കഴിഞ്ഞ ഒരു വർഷമായി അവനോട് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും താരം വെളിപ്പെടുത്തി. മകനുമായി സംസാരിക്കാൻ തന്നെ അനുവദിക്കാത്ത സാഹചര്യത്തിൽ അതിന്റെ ബുദ്ധിമുട്ട് മറികടക്കാൻ ആത്മീയ വഴികളാണ് സ്വീകരിക്കുന്നത് എന്നും ധവാൻ പറഞ്ഞു.
ഏറെ നാളുകളായി മകനെ പിരിഞ്ഞ ദുഃഖം കുറിപ്പുകളുടെ രൂപത്തിൽ പങ്കുവെക്കുന്ന ധവാൻ ഇത്തവണ പറഞ്ഞത് ഇങ്ങനെ:
“എന്റെ മകനെ കണ്ടിട്ട് 2 വർഷമായി. ഒരു വർഷത്തോളമായി സംസാരിച്ചിട്ട്. എന്നെ അതിനൊന്നും അനുവദിക്കുന്നില്ല അവർ. ഇപ്പോൾ ഞാൻ അതിനൊപ്പം ജീവിക്കാനാണ് ശ്രമിക്കുന്നത്. ബുദ്ധിമുട്ട് ഒഴിവാക്കാനും സങ്കടം മറക്കാനും മെഡിറ്റഷൻ പോലെ ഉള്ള വഴികളാണ് ഞാൻ ഇപ്പോൾ സ്വീകരിക്കുന്നത്.”
തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“വിഡിയോകോൾ വഴി മകനോട് സംസാരിക്കാനുള്ള അവകാശവും ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. മറ്റൊരു മാർഗവും ഇല്ല മകനുമായി സംസാരിക്കാൻ.”
Read more
അടുത്തിടെയാണ് ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ശിഖർ തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്. ഓസ്ട്രേലിയക്കെതിരെ 2010-ൽ ഇന്ത്യക്കായി ആദ്യ ഏകദിനം കളിച്ച ശിഖർ 2013 മാർച്ച് 14-ന് ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റിന്റെ മൂന്നാം ദിവസം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിഗ്സിൽ 85 പന്തിൽ 100 റൺസ് കടന്ന ശിഖർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.