ഐപിഎല്ലിൽ ഈ സീസണിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി എളിമയോടും വിനയത്തോടും നിൽക്കണം എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് മുന്നറിയിപ്പ് നൽകി. ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി 14 വയസ്സുകാരൻ മാറിയിരുന്നു. ആദ്യ മത്സരത്തിൽ തന്നെ 34 റൺസ് നേടിയ അദ്ദേഹം അവിസ്മരണീയമായ അരങ്ങേറ്റം കുറിച്ചു. ഇന്നലെ 16 റൺസ് എടുത്ത താരം വീണ്ടും സ്പാർക്ക് കാണിച്ചിരുന്നു.
ക്രിക്ക്ബസിൽ സംസാരിക്കവെ, ഒന്നോ രണ്ടോ മത്സരങ്ങളിൽ പ്രശസ്തി നേടിയിട്ടും ഒന്നും ചെയ്യാത്ത നിരവധി കളിക്കാരെ താൻ കണ്ടിട്ടുണ്ടെന്ന് സെവാഗ് അവകാശപ്പെട്ടു. വിരാട് കോഹ്‌ലി ഐപിഎല്ലിന്റെ 18 സീസണുകളും കളിച്ചതിന്റെ ഉദാഹരണമായി, വൈഭവ് അത് അനുകരിക്കാൻ ശ്രമിക്കണമെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ പറഞ്ഞു.
“സൂര്യവംശി ഐപിഎല്ലിൽ 20 വർഷം എങ്കിലും കളിക്കാൻ നോക്കണം. വിരാട് കോഹ്‌ലിയെ നോക്കൂ, അദ്ദേഹം 19 വയസ്സുള്ളപ്പോൾ കളിക്കാൻ തുടങ്ങി, ഇപ്പോൾ അദ്ദേഹം 18 സീസണുകളും കളിച്ചു. അതാണ് വൈഭവവും അനുകരിക്കാൻ ശ്രമിക്കേണ്ടത്. പക്ഷേ, ഈ ഐപിഎല്ലിൽ കിട്ടിയ നേട്ടങ്ങളിൽ സന്തോഷിച്ച് കോടി കണക്കിന് രൂപ കണ്ട് അതിൽ മതിമറന്നാൽ അടുത്ത വർഷം നമുക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞേക്കില്ല,” സെവാഗ് കൂട്ടിച്ചേർത്തു.
ആർസിബിക്കെതിരായ മത്സരത്തിൽ സൂര്യവംശി 12 പന്തിൽ നിന്ന് 16 റൺസ് നേടിയപ്പോൾ അതിൽ 2 സിക്സറുകളും ഉൾപ്പെട്ടിരിക്കുന്നു. തുടക്കം മുതൽ ആക്രമിക്കാനും ഒരു പേടിയും ഇല്ലാതെ കളിക്കാനും ഇഷ്ടപെടുന്ന വൈഭവ് എന്തായാലും വാർത്തകളിൽ നിറഞ്ഞ് നിൽകുകയാണ്.