'അവനെ ധോണിയുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല'; കാരണം പറഞ്ഞ് ഗാംഗുലി

വെറും രണ്ടു ടെസ്റ്റ് മല്‍സരങ്ങള്‍ കൊണ്ടു തന്നെ സെന്‍സേഷനായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍. ഇതിന് പിന്നാലെ താരത്തെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുമായി താരതമ്യപ്പെടുത്തുകയാണ് പലരും. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി. ജുറേലിനെ ധോണിയുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ദാദ പറയുന്നത്.

എംഎസ് ധോണി തീര്‍ത്തും വ്യത്യസ്ത ലീഗില്‍പ്പെടുന്ന ഒരു ക്രിക്കറ്ററാണ്. ധ്രുവ് ജുറേലിനു പ്രതിഭയുണ്ട്, അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷെ എംഎസ് ധോണിക്കു യഥാര്‍ഥ എംഎസ് ധോണിയായി മാറാന്‍ 20 വര്‍ഷങ്ങള്‍ വേണ്ടിവന്നിരുന്നു.

ജുറേല്‍ കളിക്കട്ടെ. സ്പിന്‍ ബോളിംഗിനെതിരേയും പേസ് ബോളിംഗിനെതിരേയും കളിക്കാനുള്ള അവന്റെ കഴിവ് എനിക്കു ഇഷ്ടപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ടത് സമ്മര്‍ദ്ദഘട്ടത്തില്‍ പെര്‍ഫോം ചെയ്യാനുള്ള മിടുക്കാണ്. അതാണ് നിങ്ങള്‍ ഒരു യുവതാരത്തില്‍ നോക്കുന്നത്, അവന് ആ മിടുക്കുണ്ട്- ഗാംഗുലി പറഞ്ഞു.

ജുറേല്‍ അടുത്ത എംഎസ് ധോണിയാണെന്ന് സുനില്‍ ഗവാസ്‌കറാണ് ആദ്യം പറഞ്ഞത്. പിന്നാലെ പലരും അത് ഏറ്റുപിടിച്ചു. ബാറ്റിംഗിലെ മിടുക്കിനൊപ്പം വിക്കറ്റ് കീപ്പിംഗിലെയും പ്രകടനമാണ് പലരും ജുറേലിനെ ധോണിയുമായി താരതമ്യം ചെയ്യാനുള്ള പ്രധാന കാരണം. എന്നാല്‍ താരത്തിന്റെ കീപ്പിംഗ് അത്രപോരെന്ന അഭിപ്രായക്കാരും ഉണ്ട്.