PKBS VS KKR: വെറുതെ അല്ല ഭാവി നായകൻ എന്നൊക്കെ വിശേഷിപ്പിച്ചത്, എളുപ്പത്തിൽ ജയിക്കാൻ എത്തിയ കൊൽക്കത്തയെ തീർത്തുവിട്ട് അയ്യരും പിള്ളേരും; ഹീറോയായത് വേസ്റ്റ് എന്ന് പറഞ്ഞ് എല്ലാവരും തഴഞ്ഞവൻ

“ഇതാണ് സിനിമ, അബ്സല്യൂട് സിനിമ. ട്വിസ്റ്റുകളും അപ്രതീക്ഷിത മുഹൂർത്തങ്ങളും ഒകെ കൊണ്ട് കാണികളുടെ ത്രില്ലപിടിപികുന്ന സിനിമ ” ഇന്നത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ആരും ഇങ്ങനെ ഉള്ള ട്വിസ്റ്റോ ഇങ്ങനെ ഒരു മത്സരഫലമോ പ്രതീക്ഷിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 112 റൺ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത വെറും 95 റൺസിന് പുറത്ത്. ഫലമോ, ഒരിക്കലും ജയിക്കില്ല എന്ന് കരുതിയ മത്സരത്തിൽ പഞ്ചാബിന് 16 റൺസ് ജയം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 15.3 ഓവറിൽ 111 റൺസിന് എല്ലാവരും പുറത്താവുക ആയിരുന്നു. സീസണിൽ ഇതുവരെ എല്ലാ മത്സരങ്ങളിലും തിളങ്ങിയ പഞ്ചാബ് ബാറ്റിംഗ് ഡിപ്പാർട്മെന്റിനെ കാഴ്ചക്കാർക്കി കൊൽക്കത്ത ബോളർമാർ നിറഞ്ഞാടിയപ്പോൾ അയ്യരും പിള്ളേരും ശരിക്കും വിയർത്തു. പ്രിയാൻഷ് ആര്യയുടെ വിക്കറ്റാണ് ആദ്യം പഞ്ചാബിന് നഷ്ടമാകുന്നത്. 12 പന്തിൽ 22 റൺസെടുത്ത പ്രിയാൻഷിനെ ഹർഷിത് റാണ, രമൺദീപിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. അതെ ഓവറിൽ സീസണിൽ നല്ല ഫോമിൽ കളിച്ച നായകൻ ശ്രേയസ് അയ്യരും 2 റൺ എടുത്ത് മടങ്ങിയതോടെ ടീം ആശങ്കയിലായി. ആശങ്ക കൂട്ടികൊണ്ട് ജോഷ് ഇംഗ്ലിസിനെ മടക്കി വരുൺ ചക്രവർത്തി പഞ്ചാബിനെ ഞെട്ടിച്ചു. ഇതെല്ലാം കണ്ട് ഒരറ്റത്ത് നിന്ന ഓപ്പണർ പ്രഭ്‌സിമ്രാനും (15 പന്തിൽ 30) ഹർഷിതിന് ഇരയായി മടങ്ങി.

പിന്നെ എല്ലാം ചടങ്ങ് മാത്രമായിരുന്നു. ഗ്ലെൻ മാക്‌സ്‌വെൽ (7) പതിവുപോലെ നിരാശപ്പെടുത്തി മടങ്ങിയ ശേഷം നെഹാൽ വധേരയ്ക്കും (10 തിളങ്ങാൻ സാധിച്ചില്ല. ഇംപാക്റ്റ് സബ് ആയി വന്ന സുര്യാൻഷ് ഷെഡ്‌ജെ (4), ശശാങ്ക് സിംഗ് (18), മാർകോ ജാൻസൻ (1), സേവ്യർ ബാർലെറ്റ് (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. കൊൽക്കത്തക്കായി ഹർഷിത് റാണ 3 വിക്കറ്റ് നേടി തിളങ്ങിയപ്പോൾ വരുൺ ചക്രവർത്തി സുനിൽ നരൈൻ എന്നിവർ രണ്ടും അറോറ, നോർട്ജെ എന്നിവർ ഓരോ വിക്കറ്റ് നേടിയും തിളങ്ങി.

മറുപടി ബാറ്റിങിൽ കൊൽക്കത്തയ്ക്കും കാര്യമായ പണി കിട്ടി. ഓപ്പണർമാരായ ഡി കോക്ക്, നരൈൻ എന്നിവർ വലിയ സംഭാവന നൽകാതെ മടങ്ങിയ ശേഷം നായകൻ രഹാനെ യുവതാരം രഘുവൻഷി എന്നിവർ ടീം സ്കോർ ബോർഡ് ചലിപ്പിക്കാൻ തുണ്ടങ്ങി. ഇവർ ടീമിനെ ജയിപ്പിക്കും എന്ന് തോന്നിച്ച ഘട്ടത്തിൽ ഏറെ നാളായി മോശം പ്രകടനത്തിന്റെ പേരിൽ വിമർശനം കേട്ട ചാഹൽ എത്തി നായകൻ രഹാനെയെ ( 17 ) വിക്കറ്റിന് മുന്നിൽ കുടുക്കിയത്. ശേഷം തന്റെ അടുത്ത ഓവറിൽ രഘുവൻഷിയെ( 37 ) ബാർലറ്റിന്റെ കൈയിൽ എത്തിച്ച് താരം വീണ്ടും ഞെട്ടിച്ചു.

ഒരുപാട് താരങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ അപ്പോഴും കൊൽക്കത്തയ്ക്ക് അനുകൂലം ആയിരുന്നു കളി. എന്നാൽ ബാറ്റിംഗിൽ ദുരന്തമായ മാക്‌സ്‌വെൽ ബോളിങ്ങിൽ ആ കുറവ് നികത്തി തന്റെ രണ്ടാം ഓവറിൽ വെങ്കിടേഷ് അയ്യരെ (7 ) മടക്കി. ശേഷം തന്റെ മൂന്നാം ഓവർ എറിയാൻ എത്തിയ ചാഹൽ ഓവറിന്റെ നാലാം പന്തിൽ റിങ്കു സിംഗ് ( 2 ) തൊട്ടടുത്ത പന്തിൽ രാമൻദീപ് സിങ് ( 0 ) എന്നിവരെ മടക്കി പഞ്ചാബിനെ ഡ്രൈവിംഗ് സീറ്റിലെത്തിച്ചു. പിന്നാലെ ഹർഷിത് റാണ( 3 ) ജാൻസണ് ഇരയായി മടങ്ങി. എന്നാൽ ട്വിസ്റ്റ് അവിടം കൊണ്ടും നിന്നില്ല.

വമ്പനടിക്കാരൻ റസൽ തന്റെ പഴയ വൈബ് കാണിച്ചുകൊണ്ട് ചാഹലിനെ അയാളുടെ നാലാം ഓവറിൽ അടിച്ചുപറത്തി. താരത്തിന്റെ ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറും അടക്കം 16 റൺസാണ് താരം അടിച്ചെടുത്തത്. ഇതോടെ ഒരുപാട് ഓവറുകൾ ബാക്കി നിൽക്കെ കൊൽക്കത്തയ്ക്ക് ജയിക്കാൻ 17 റൺ മാത്രം മതിയായിരുന്നു. എന്നാൽ ചാഹൽ എറിഞ്ഞ ഓവറിന്റെ അവസാന പന്തിൽ സിംഗിൾ എടുക്കാനും അതിനാൽ അടുത്ത ഓവറിൽ സ്‌ട്രൈക്കിൽ വരാനും റസലിന് ആയില്ല. ഇത് പഞ്ചാബിന് ഗുണമായി.

അർശ്ദീപ് സിംഗ്, അടുത്ത ഓവറിൽ വാലറ്റക്കാരൻ വൈഭവ് അറോറയെ കാഴ്ചക്കാരനാക്കി താരം മനോഹരമായി പന്തെറിഞ്ഞു. അവസാന പന്തിൽ താരത്തിന്റെ ഷോർട് ബോളിന് ബാറ്റ് വെച്ച അറോറ കീപ്പർക്ക് ക്യാച്ച് നൽകി. ഇതോടെ പഞ്ചാബ് 95 – 9 എന്ന നിലയിലായി. റസൽ സ്‌ട്രൈക്കിൽ നിൽക്കെ മത്സരത്തിന്റെ 16 ആം ഓവർ എറിഞ്ഞ ജാൻസൺ, മനോഹരമായ ഷോർട് ഓഫ് ലെങ്ത് ബോള് എറിയുകയും ഇന്സൈഡ് എഡ്ജ് സ്റ്റമ്പിൽ കൊള്ളുകയും ചെയ്തതോടെ പഞ്ചാബ് ഒരിക്കലും ജയിക്കില്ല എന്ന് വിചാരിച്ച പോരാട്ടം ജയിച്ചു കയറി.