മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം രണ്‍ബീര്‍ കപൂര്‍ ഒടുവില്‍ സൗരവ് ഗാംഗുലിയുടെ ജീവചരിത്രത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാക്കളില്‍ നിന്ന് ഇതുവരെ ഇതില്‍ സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും തിരക്കഥയ്ക്ക് ഗാംഗുലി അനുമതി നല്‍കിയതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.
രണ്‍ബീര്‍ കപൂറിനെ നായകനായി തീരുമാനിച്ചതല്ലാതെ ബാക്കിയുള്ള താരങ്ങളെ തീരുമാനിച്ചിട്ടില്ല. ചിത്രത്തില്‍ എംഎസ് ധോണി ഒരു ചെറിയ വേഷം ചെയ്യുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ഒന്നും സ്ഥിരീകരിച്ചിട്ടില്ല.
രണ്‍ബീര്‍ ഉടന്‍ തന്നെ ചിത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. ഇപ്പോള്‍, ശ്രദ്ധ കപൂറിനൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുകളുടെ തിരക്കിലാണ് രണ്‍ബീര്‍. അതിന് ശേഷം രണ്‍ബീര്‍ ഗാംഗുലിയുടെ ബയോപിക്കിന്റെ ചിത്രീകരണത്തിനായി ജോയിന്‍ ചെയ്യും.
ലൗ ഫിലിംസിന്റെ ബാനറില്‍ ലൗ രഞ്ചന്‍, അങ്കുര്‍ ഗാര്‍ഗ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള ബോയോപിക് ചിത്രം ഇതാദ്യമായല്ല. എം.എസ് ധോണി, അസറുദ്ദീന്‍ തുടങ്ങിയവരുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. എം.എസ് ധോണിയായി അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതാണ് വെള്ളിത്തിരയിലെത്തിയത്. അസറുദ്ദീന്റെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും.
കപില്‍ ദേവിന്റെയും ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തെയും ആസ്പദമാക്കി ഒരുക്കി 83 യും വെള്ളിത്തിരയിലെത്തിയിരുന്നു. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് ആണ് കപിലിന്റെ വേഷത്തിലെത്തിയത്.