യുസ്‌വേന്ദ്ര ചഹലുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങളില്‍ രൂക്ഷപ്രതികരണവുമായി താരത്തിന്റെ പങ്കാളി ധനശ്രീ വര്‍മ. പുറത്തുവന്ന അഭ്യൂഹങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഇത്തരം സംഭവങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും അവര്‍ പ്രതികരിച്ചു.
‘നൃത്തം ചെയ്യുന്നതിനിടെ എനിക്കു കാലിനു പരുക്കേറ്റിരുന്നു. തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. വിശ്രമത്തിലായിരുന്നപ്പോഴാണ് ഇത്തരം അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്. ഇതു വളരെയേറെ വെറുപ്പുണ്ടാക്കുന്നതാണ്. ദ്രോഹിക്കുന്നതായി തോന്നി. പരുക്കേറ്റതോടെ എങ്ങനെ മുന്നോട്ടുപോകുമെന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ പേടിയില്ലാതെയാണ് ഇന്ന് ഞാന്‍ എഴുന്നേറ്റത്. ഏതു സാഹചര്യത്തിലും എനിക്ക് എന്റെ കരുത്ത് തിരിച്ചുപിടിക്കാന്‍ സാധിക്കും.’
‘ഇത്തരമൊരു അനുഭവത്തിനു ശേഷം കൂടുതല്‍ വിവേകമുള്ളയാളായാണു തോന്നുന്നത്. എന്റെ ദൗര്‍ബല്യം കരുത്തായി മാറ്റിയതില്‍ എല്ലാവരോടും നന്ദിയുണ്ട്. സന്തോഷം മാത്രം പ്രചരിപ്പിക്കൂ, മറ്റെല്ലാം ഒഴിവാക്കൂ’ ധനശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ചഹലും ധനശ്രീയും വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇവ തള്ളി വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് അറിയിച്ച് ചഹല്‍ തന്നെ രംഗത്ത് വന്നിരുന്നു.